നിയമലംഘനം: സൗദിയില്‍ റെയിഡില്‍ 19,696 പ്രവാസികള്‍ പിടിയില്‍
റിയാദ്: കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിവിധ നിയമലംഘനങ്ങളുടെ പേരില്‍ സഊദിയില്‍ ഇരുപതിനായിരത്തോളം പ്രവാസികള്‍ അറസ്റ്റിലായതായി അധികൃതര്‍ അറിയിച്ചു. വ്യാപാര സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും പ്രവാസികളുടെ താമസ കേന്ദ്രങ്ങളിലും നടത്തിയ റെയ്ഡുകളില്‍ താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച 19,696 പ്രവാസികളെയാണ് സൗദി അധികൃതര്‍ പിടികൂടിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴില്‍ വിവിധ സുരക്ഷാ ഏജന്‍സികളുടെ സഹകരണത്തോടെയാണ് രാജ്യം മുഴുവന്‍ റെയ്ഡ് നടന്നത്.
ഏറ്റവും കൂടുതല്‍ പേര്‍ പിടിയിലായത് താമസ നിയമങ്ങള്‍ ലംഘിച്ചതിനാണെന്ന് അധികൃതര്‍ അറിയിച്ചു. 11,607 പ്രവാസികളാണ് വിസ നിയമങ്ങള്‍ ലംഘിച്ചതിന് പിടിയിലായത്. 5,176 പേര്‍ അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനും 3,184 പേര്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിനും പിടിക്കപ്പെട്ടു. അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ച് രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ചതിന് 1,547 പേരെയാണ് സുരക്ഷാ അധികൃതര്‍ പിടികൂടിയത്. ഇങ്ങനെ അറസ്റ്റിലായവരില്‍ 65 ശതമാനം എത്യോപ്യക്കാരും 32 ശതമാനം യെമനികളും ബാക്കി മൂന്നു ശതമാനം ഇതര രാജ്യങ്ങളില്‍ നിന്നുള്ളവരുമാണെന്നും നിയമലംഘകര്‍ക്ക് ഏതെങ്കിലും രീതിയില്‍ സഹായം നല്‍കുന്ന വ്യക്തികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.