കോന്നി എംഎൽഎ ജനീഷ് കുമാറിനെതിരെ പോലീസിൽ പരാതി നൽകി വനംവകുപ്പ്

വനംവകുപ്പ് കസ്റ്റഡിയിലെടുത്തയാളെ മോചിപ്പിച്ചതിൽ കോന്നി എംഎൽഎ കെയു ജനീഷ് കുമാറിനെതിരെ പരാതി നൽകി വനം വകുപ്പ് ഉദ്യോഗസ്ഥർ. ജോലി തടസപ്പെടുത്തിയെന്നാണ് പരാതി. ചൊവ്വാഴ്ച വൈകിട്ടാണ് കെ യു ജനീഷ് കുമാർ പാടം ഫോറസ്റ്റ് സ്റ്റേഷനിൽ എത്തി ചോദ്യം ചെയ്യാൻ വിളിപ്പിച്ച ആളെ ബലമായി ഇറക്കി കൊണ്ടു പോയത്.
മൂന്ന് പരാതികളാണ് കൂടൽ പോലീസ് സ്റ്റേഷനിൽ നൽകിയത്. പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. പത്തനംതിട്ട പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞ സംഭവത്തിൽ കസ്റ്റഡിയിലെടുത്തയാളെയാണ് കെ യു ജനീഷ് കുമാർ എംഎൽഎ മോചിപ്പിച്ചത്. സംഭവത്തിൽ അന്വേഷണം ഇന്ന് ആരംഭിക്കും.
വനം മന്ത്രി എ കെ ശശീന്ദ്രന്റെ നിർദേശപ്രകാരമാണ് അന്വേഷണം. ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കൺസവേറ്റർക്കാണ് അന്വേഷണ ചുമതല. ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും ഇന്ന് മൊഴി രേഖപ്പെടുത്തും. മൊഴിയെടുപ്പ് പൂർത്തിയായ ശേഷം പ്രാഥമിക റിപ്പോർട്ട് നൽകാനാണ് ആലോചന.