Kerala

വയനാട് ഉരുൾപൊട്ടൽ ദുരന്തം: കാണാതായവർക്കുള്ള ജനകീയ തെരച്ചിൽ ഇന്ന് അവസാനിപ്പിക്കും

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ കാണാതായവർക്കുള്ള ജനകീയ തെരച്ചിൽ ഇന്ന് അവസാനിപ്പിക്കും. ഇനി മുതൽ ആവശ്യാനുസരണം ഉള്ള തെരച്ചിൽ ആയിരിക്കും നടക്കുക. ഇതിനായി വിവിധ സേനാംഗങ്ങൾ മേഖലയിൽ തുടരും. ചാലിയാറിലും ദുരന്തം ഉണ്ടായ പ്രദേശത്തും ഇന്നലെ നടത്തിയ തെരച്ചിലിലും മൃതദേഹങ്ങളോ ശരീര ഭാഗങ്ങളോ കണ്ടെത്താനായിരുന്നില്ല.

അതേസമയം ഭൗമശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിന്റെ പരിശോധന ഇന്ന് ഭാഗികമായി നിർത്തും. ലഭിച്ച വിവരങ്ങൾ ക്രോഡീകരിച്ച ശേഷം ആയിരിക്കും തുടർ പരിശോധനകൾ. ബാങ്കുകളുമായി ബന്ധപ്പെട്ട രേഖകൾ വീണ്ടെടുക്കുന്നതിന് ഇന്ന് മേപ്പാടിയിൽ പ്രത്യേക അദാലത്ത് സംഘടിപ്പിച്ചിട്ടുണ്ട്.

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും. ഹർജിയിലെ പരിഗണനാ വിഷയങ്ങളിൽ ഡിവിഷൻ ബെഞ്ച് ഇന്ന് തീരുമാനമെടുക്കും. സംസ്ഥാനത്ത് പരിസ്ഥിതി ഓഡിറ്റ് നടത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ സർക്കാർ വിശദീകരണം നൽകും. ഉരുൾപൊട്ടൽ ദുരന്തം സംബന്ധിച്ച് സർവ്വേ ഓഫ് ഇന്ത്യയും റിപ്പോർട്ട് നൽകിയേക്കും.

 

Related Articles

Back to top button