Novel

ഹൃദയം: ഭാഗം 6

[ad_1]

രചന: മുല്ല

അനുവിന്റെയും ഗീതുവിന്റെയും ഒപ്പം ആ അമ്പലപ്പറമ്പ് മുഴുവൻ ചുറ്റി കറങ്ങി ദീപു….

എന്തോ വല്ലാത്തൊരിഷ്ട്ടം തോന്നുന്നു ഈ സ്ഥലത്തോട്….
ആന എഴുന്നെള്ളത്തും മേളവും എല്ലാം കണ്ട് നിൽക്കുമ്പോൾ തന്റെ ജീവിതത്തിൽ കഴിഞ്ഞ് പോയ സങ്കടങ്ങൾ എല്ലാം മറന്നു പോയിരുന്നു അവൾ…..

അനുവും ഗീതുവും കൂടെ എവിടെയോ നിന്ന ഗൗതമിനെ പിടിച്ചു വലിച്ചു കൊണ്ട് പോയി ഓരോന്നൊക്കെ വാങ്ങിപ്പിക്കുന്നുണ്ട്…. അവരുടെ കൂടെ നിൽക്കുന്നുണ്ടെങ്കിലും ഓരോന്നിലേക്കും കൗതുകത്തോടെ നോക്കി നിന്നതേയുള്ളു ദീപു…. ഗൗതം ഉള്ളത് കൊണ്ട് ഒന്നിലും അഭിപ്രായം പറഞ്ഞതും ഇല്ല… 

“നിനക്കൊന്നും വേണ്ടേ… ? “

കാതിനരികിൽ മുഴക്കം പോലെ ഒരു ശബ്ദം കേട്ടതും ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ ഗൗതം ആണ്…. പെട്ടെന്ന് പുറകിലേക്കൊന്ന് ആഞ്ഞു പോയി അവൾ ….

“വേ… വേണ്ട….”

“എന്തെ… യദു വാങ്ങിച്ചു തന്നാലേ  നീ വാങ്ങൂ…..”

അവന്റെ പറച്ചിൽ കേട്ട് സങ്കടം വന്നു പോയി…. ഒപ്പം ദേഷ്യവും…. താൻ മറക്കാൻ ആഗ്രഹിക്കുന്നത് വീണ്ടും വീണ്ടും ഓർമിപ്പിച്ചു കൊണ്ടിരിക്കുന്നതിൽ അവനോട് അമർഷവും…

“ആ…. അതേ… അങ്ങനെ തന്നെയാ…. “

വീറോടെ പറഞ്ഞു കൊണ്ട് അവനെയൊന്ന് നോക്കി അവൾ അവിടെ നിന്നു പാഞ്ഞു പോയി….

പെട്ടെന്നുണ്ടായ അവളുടെ ഭാവമാറ്റത്തിലും പെരുമാറ്റത്തിലും പകച്ചു കൊണ്ട് നിൽക്കുകയാണ് അനുവും ഗീതുവും…. ഗൗതം അവൾ പോയ വഴിയേ നോക്കി നിൽക്കുന്നുണ്ട്…

” ഉണ്ണിയേട്ടനെന്തിനാ ഇപ്പൊ അവളോട് ആ എരണം കെട്ടവന്റെ പേര് പറഞ്ഞേ… അതോണ്ടല്ലേ അവള് പിണങ്ങി പോയെ….”

അനു അവനെ കൂർപ്പിച്ചു നോക്കി പറഞ്ഞു…. അവനും അതേ പോലെ തന്നെ അവളെ നോക്കി….

“അവള് പിണങ്ങിയാല് എനിക്കെന്താടി കുരുപ്പേ….”

“ആ… ഉണ്ണിയേട്ടന് കുഴപ്പമില്ലായിരിക്കും…. പക്ഷെ ഞങ്ങക്ക് അങ്ങനെ അല്ല…. ഞങ്ങടെ ചങ്കാ അവള്….”

“ആഹാ… ഇന്നലെ കണ്ടപ്പോഴേക്കും ഏറ്റെടുത്തോ…”

“ഉവ്വ്… എടുത്തു… എന്തെ… പറ്റൂലെ… ഉണ്ണിയേട്ടന് പറ്റിയില്ലെങ്കിലും ഞങ്ങൾക്ക് കുഴപ്പം ഇല്ല… അല്ലേടീ ഗീതു…”

“പിന്നല്ലാതെ.. “

ഓ…

“വല്ലാണ്ട് പുച്ഛിക്കണ്ട മോനെ… ഹും… “

അവനെ തറപ്പിച്ചു നോക്കി പറഞ്ഞു കൊണ്ട് അനു ആദ്യം ഓടി… അവൾക്ക് പിന്നാലെ ഗീതുവും….

അവര് ദീപുവിനെ നോക്കിയിട്ട് എവിടെയും കാണാതെ കുറെ അലഞ്ഞു…. ഒടുവിൽ കണ്ടത് അമ്പലക്കുളത്തിന്റെ അടുത്താണ്.. അവിടെ പടവിൽ ഇരിക്കുന്നുണ്ടായിരുന്നു ആള്….

“അയ്യോ… അനു ചേച്ചി.. വേഗം വന്നേ…. പ്രേമ നൈരാശ്യം മൂത്തു ഇരിക്കുന്ന ആളാ…  എങ്ങാനും കുളത്തിലേക്കെങ്ങാനും എടുത്ത് ചാടാൻ തോന്നിയാലോ….”

ഗീതു പറഞ്ഞതും അനുവിനും തോന്നി അത്‌ ശെരിയാണെന്ന്…. മനസ് തകർന്ന് ഇരിക്കുകയല്ലേ…. അതിന്റെ ഇടയിൽ ആണ് ഉണ്ണിയേട്ടൻ കളിയാക്കിയതും…

“ശെരിയാ… ദൈവമേ…”

നെഞ്ചിൽ കൈ വെച്ച് പറഞ്ഞു കൊണ്ട് അവൾ ദീപുവിന്റെ അടുത്തേക്ക് ഓടി….

“ദീപൂ….. പിണങ്ങീട്ട് ഇവിടെ വന്നു ഇരിക്കാണോ… വന്നേ….”

അനു വിളിച്ചതും ദീപു തിരിഞ്ഞു നോക്കി…. പിന്നെ എഴുന്നേറ്റു….

“പിണങ്ങിയതൊന്നും അല്ല….”

“പിന്നെന്താ ഇവിടെ വന്നു ഒറ്റയ്ക്ക് ഇരുന്നേ….”

“ഒന്നുല്ല… വെറുതെ….”

“ഉവ്വ.. അത്‌ ഞങ്ങൾക്ക് മനസ്സിലായി… വന്നേ നീ ഒറ്റയ്ക്കൊന്നും ഇരിക്കണ്ട….”

“വാ ചേച്ചി….”

ഗീതുവും വിളിച്ചതും ദീപു പുഞ്ചിരിച്ചു….

“ഞാൻ സൂയിസൈഡ് ചെയ്യുമെന്ന് പേടിച്ചിട്ടാണോ രണ്ടും….”

“ഏയ്‌…. അതൊന്നും അല്ല… നീ ഞങ്ങടെ ഗസ്റ്റ്‌ അല്ലേ… ഗസ്റ്റിനെ അങ്ങനെ ഒറ്റപ്പെടുത്താൻ പാടില്ല എന്നല്ലേ….”

അത്‌ പറഞ്ഞു കൊണ്ട് അനു അവളുടെ കയ്യും പിടിച്ചു നടന്നു…. അപ്പുറത്തെ കയ്യിൽ തൂങ്ങി ഗീതുവും…

ഉള്ളിൽ നിറയുന്നൊരു സന്തോഷം… തന്നെ സ്നേഹിക്കാൻ ആരൊക്കെയോ ഉള്ളത് പോലെ…  തന്നെ കാണാതായാൽ അന്വേഷിച്ചു വരാനും ആളുണ്ട് ഇപ്പോൾ….

ഓർക്കും തോറും  ദീപുവിന്റെ  ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു…..

ശിങ്കാരി മേളം തുടങ്ങിയതും ദീപുവിന്റെ കണ്ണുകൾ വിടർന്നു….. അതിന് മറ്റൊരു കാരണവും കൂടെ ഉണ്ടായിരുന്നു…. ചെണ്ട കൊട്ടുന്നവരിൽ ഗൗതമും ഉണ്ടായിരുന്നു എന്നതാണ്…

ഗൗതം തന്നെ ശെരിക്കും അത്ഭുതപ്പെടുത്തുന്നുണ്ട്  എന്ന് അവൾക്ക് തോന്നി… സിറ്റിയിൽ വരുമ്പോൾ ശെരിക്കും അടിച്ചു പൊളി ആയിട്ട് നടക്കുന്ന ഒരു മനുഷ്യൻ…. നാട്ടിൽ വന്നപ്പോൾ ശെരിക്കും ഒരു നാട്ടുമ്പുറത്തുകാരനും…..

ശെരിക്കും അവനോട്  മനസ്സിൽ ഒരു ആരാധന തോന്നിപ്പോയി അവൾക്ക്…… 

പിന്നെ ഞെട്ടലോടെ അനുവിനെ നോക്കിയതും അവളും ശിങ്കാരി മേളം ആസ്വദിച്ചു നിൽക്കുകയാണ്….

ചെറിയൊരു പുഞ്ചിരിയോടെ ദീപുവും അത്‌ ആസ്വദിക്കാൻ തുടങ്ങിയിരുന്നു…..

വൈകുന്നേരം ആയതും വെടിക്കെട്ടൊക്കെ കണ്ട് അവളുടെ മുഖത്ത് അത്ഭുതം നിറഞ്ഞു നിന്നു…. ഒപ്പം പേടിയും…. ആദ്യമായിട്ട് കാണുന്നതിന്റെ പകപ്പും…. ഗൗതമിന്റെ അമ്മ അത്‌ മനസ്സിലാക്കിയത് പോലെ അവളെ ചേർത്ത് പിടിച്ചു….. അവരെ നോക്കി അവളൊന്ന് പുഞ്ചിരിച്ചു…..

ഗൗതമിനെ ശ്രദ്ധിക്കാതെ ഇരിക്കാൻ പരമാവധി ശ്രമിച്ചു അവൾ…. അവൻ തന്നെ കാണുമ്പോൾ യദുവിന്റെ പേര് വലിച്ചിടുന്ന ദേഷ്യം…..

ഗാനമേളയും പരിപാടിയും ഒക്കെ കണ്ട് തിരികെ വന്നപ്പോഴേക്കും വല്ലാതെ ക്ഷീണിച്ചു പോയിരുന്നു… പാതിരാ ആയിട്ടുണ്ടായിരുന്നു….

മേലൊക്കെ കഴുകി കിടന്നിട്ടും ക്ഷീണം തോന്നിയിട്ടും പക്ഷെ ഉറക്കം വരുന്നില്ല…  നാളെ ഇവിടം വിട്ട് പോകണ്ടേ എന്ന ചിന്ത…. നാളെ മുതൽ വീണ്ടും താൻ ഒറ്റയ്ക്ക്… ഓർക്കുമ്പോൾ തന്നെ വല്ലാതെ തോന്നുന്നു… തനിക്ക് ഇവിടെ ഇങ്ങനെ കഴിയാൻ സാധിച്ചെങ്കിൽ…

കണ്ണുകൾ നിറയുന്നുണ്ടായിരുന്നു…. എന്തൊക്കെയോ ചിന്തകളോടെ പിന്നീട് ഉറക്കത്തെ പുൽകി അവൾ….

കണ്ണിലേക്കു വെയിൽ അടിച്ചപ്പോൾ ആണ് പിന്നീട് കണ്ണ് തുറക്കുന്നത്…. നേരം കുറെ ആയിട്ടുണ്ട് എന്ന് തോന്നി….

ക്ലോക്കിലേക്ക് നോക്കിയപ്പോൾ സമയം ഏഴു മണി ആയിട്ടുണ്ട്….

പതിയെ  കട്ടിലിൽ നിന്ന് ഇറങ്ങി പോയി ഫ്രഷ് ആയി… താഴേക്ക് ചെല്ലുമ്പോൾ ഓരോരുത്തർ എഴുന്നേറ്റ് വരുന്നതേ ഉള്ളൂ…. ഇന്നലത്തെ ക്ഷീണം എല്ലാവരുടെയും മുഖത്ത് കാണാം……

അടുക്കളയിലേക്ക് ചെന്നതും ഗൗതമിന്റെ അമ്മ അവിടെ പാത്രങ്ങളോട് യുദ്ധത്തിൽ ആണ്….

ദീപുവിനെ കണ്ടതും അവൾക്ക് ചായ എടുത്തു കൊടുത്തു അവർ… ഓരോ വിശേഷങ്ങൾ പറഞ്ഞു നിൽക്കുമ്പോൾ ആണ് അടുക്കള കഴിഞ്ഞിട്ടുള്ള ചവിട്ട് പടിയുടെ അടുത്ത് നിന്നും ഒരു കരച്ചിലും.. ചീത്ത പറയുന്ന ശബ്ദവും….

ദീപു ചെന്നു നോക്കിയപ്പോൾ ഗീതുവിനെ പിടിച്ചിരുത്തി തലയിൽ നിറയെ എണ്ണയിട്ട് കൊടുക്കുകയാണ് മുത്തശ്ശി….
മുടി ജട പിടിച്ചത് കണ്ടിട്ട് ചീത്തയും പറഞ്ഞു ഇടക്ക് തലയിൽ ഓരോ കൊട്ടും കൊടുക്കുന്നുണ്ട്.. അപ്പോഴാണ് കരച്ചിൽ….

അടുത്ത് തന്നെ എണ്ണയിൽ മുങ്ങി അനുവും നിൽക്കുന്നു….
അവളുടെ അമ്മയും അടുത്ത് തന്നെ നിൽക്കുന്നുണ്ട്…. ഗൗതമിന്റെ ഒരേയൊരു അമ്മായിയാണ്….

ഗീതുവിന്റെ തലയിൽ എണ്ണയിട്ട് കഴിഞ്ഞു തിരിഞ്ഞു നോക്കിയതും എല്ലാം നോക്കി ഒരു ചെറു പുഞ്ചിരിയോടെ നിൽക്കുന്ന ദീപുവിനെ മുത്തശ്ശി അടുത്തേക്ക് വിളിച്ചു…..

“തലയില് എണ്ണയിട്ട് തരട്ടെ മോൾക്ക്….”

ഒരു പുഞ്ചിരിയോടെ ചോദിച്ചതും വേണ്ടെന്ന് പറയാൻ തോന്നിയില്ല…. ഇങ്ങനെ ഒന്നും ചെയ്ത് തരാൻ തനിക്ക് ആരുമില്ലല്ലോ….

തലയൊന്ന് അനക്കി അവൾ മുത്തശ്ശിക്കടുത്തേക്ക് നടന്നതും അനുവിന്റെയും ഗീതുവിന്റെയും മുഖം തെളിഞ്ഞു…. അവളെ കൂടെ ട്രാപ്പിൽ ആക്കിയ സന്തോഷം….

പുറം നിറഞ്ഞു കിടക്കുന്ന മുടിയിൽ എണ്ണ തേച്ച് പിടിപ്പിക്കുമ്പോൾ മുത്തശ്ശി ഓരോന്നൊക്കെ പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു അവൾക്ക്…. മുടിയിൽ പ്രയോഗിക്കേണ്ട കാര്യങ്ങൾ ഒക്കെ….

“സമയം കിട്ടാറില്ല മുത്തശ്ശി… ജോലിക്ക് പോകാൻ നേരത്ത് എങ്ങനെ എങ്കിലും ഒക്കെ കുളിച്ചു പോകാറാ പതിവ്….”

“എന്നിട്ടും ഇത്രേം മുടിയുണ്ടല്ലോ മോൾക്ക്… അപ്പൊ അതൊന്ന് നോക്കിയാൽ അര കവിഞ്ഞു മുടിയുണ്ടാവും….. മുത്തശ്ശി ഈ എണ്ണ കാച്ചി വെച്ചിട്ടുണ്ട്…. അത്‌ തരാട്ടോ….”

തലയൊന്നാട്ടി പുഞ്ചിരിച്ചു അവൾ….

“ഇനി മൂന്നാളും പോയി കുളത്തില് കുളിച്ചിട്ട് വായോ….”

അമ്മ പറഞ്ഞതും അനുവും ഗീതുവും ഡ്രെസ് എടുക്കാൻ ഓടിയിരുന്നു…. ആദ്യമായിട്ട് കുളത്തിൽ കുളിക്കാൻ പോകുന്നതിന്റെ പേടി ഉണ്ടെങ്കിലും ആകാംക്ഷയും ഉണ്ടായിരുന്നു ദീപുവിന്……

മുറിയിൽ കയറി ഡ്രെസ് എടുത്തു വരുമ്പോളാണ് ഗൗതം എഴുന്നേറ്റ് വരുന്നത് കണ്ടത് …. ദീപുവിനെ കണ്ടതും അവളെ ആകെ മൊത്തം ഒന്ന് നോക്കി അവൻ…..

“നേരം വെളുത്തപ്പോ തന്നെ നീയെന്താ എണ്ണതോണിയിൽ പോയി തല മുക്കിയോ….”

പരിഹാസത്തോടെ ചോദിച്ച ഗൗതമിനെ കണ്ണുരുട്ടി നോക്കി അവൾ താഴേക്ക് പോയിരുന്നു………കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button