National
ഡൽഹിയിലെ സ്‌കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി; നിർവീര്യമാക്കാൻ 30,000 ഡോളർ ആവശ്യപ്പെട്ടു

ഡൽഹിയിലെ 40 സ്‌കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. ആർ കെ പുരത്തെ ഡൽഹി പബ്ലിക് സ്‌കൂൾ, പശ്ചിമ വിഹാറിലെ ജിഡി ഗോയങ്ക സ്‌കൂൾ എന്നിവയുൾപ്പെടെയുള്ള സ്‌കൂളുകൾക്കാണ് ബോംബ് ഭീഷണി. തിങ്കളാഴ്ച പുലർച്ചെ ഇ മെയിലിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്.
സ്‌കൂളിന്റെ വിവിധ ഭാഗങ്ങളിൽ ബോംബുകൾ വെച്ചിട്ടുള്ളതായി സന്ദേശത്തിൽ പറയുന്നു. ബോംബ് നിർവീര്യമാക്കാൻ 30,000 ഡോളർ ആവശ്യപ്പെട്ടതായും ഡൽഹി പോലീസ് അറിയിച്ചു. സ്‌കൂളിലേക്കെത്തിയ വിദ്യാർഥികളെ തിരികെ വീട്ടിലേക്ക് അയച്ചു.
സ്‌കൂളുകളിൽ പോലീസും അഗ്നിരക്ഷാ സേനയും പരിശോധന നടത്തി വരികയാണ്. ജിഡി ഗോയങ്ക സ്‌കൂളിലേക്ക് 6.15നും ഡൽഹി പബ്ലിക് സ്‌കൂളിലേക്ക് 7.06നും ആണ് ഭീഷണി കോളുകൾ എത്തിയത്. ഒക്ടോബറിൽ പ്രശാന്ത് വിഹാറിലെ സിആർപിഎഫ് സ്‌കൂളിന് പുറത്ത് സ്‌ഫോടനം നടന്നിരുന്നു.