വോട്ടർ പട്ടികയിലെ ക്രമക്കേട്: ഒരു സ്ത്രീ രണ്ട് തവണ വോട്ട് ചെയ്തതിന് തെളിവ് നൽകാൻ രാഹുൽ ഗാന്ധിയോട് കർണാടക സിഇഒ

ബംഗളൂരു: വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ സംബന്ധിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കുന്ന രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ട് കർണാടക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ (സിഇഒ) നോട്ടീസ് അയച്ചു. ഒരു സ്ത്രീ രണ്ടുതവണ വോട്ട് ചെയ്തു എന്ന രാഹുൽ ഗാന്ധിയുടെ ആരോപണം തെളിയിക്കാനാണ് സിഇഒ ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ, ബെംഗളൂരുവിലെ മഹാദേവപുര മണ്ഡലത്തിൽ വോട്ടർ പട്ടികയിൽ വ്യാപകമായ കൃത്രിമം നടന്നുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ശകുൻ റാണി എന്ന സ്ത്രീ രണ്ട് തവണ വോട്ട് ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു പോളിംഗ് ഓഫീസർ നൽകിയ രേഖയനുസരിച്ച് ഇത് വ്യക്തമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.
എന്നാൽ, ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ ശകുൻ റാണി ഒരു തവണ മാത്രമേ വോട്ട് ചെയ്തിട്ടുള്ളൂ എന്ന് കണ്ടെത്തിയതായി സിഇഒ വി. അൻബുകുമാർ രാഹുൽ ഗാന്ധിക്ക് അയച്ച നോട്ടീസിൽ പറയുന്നു. രാഹുൽ ഗാന്ധി കാണിച്ച ‘ടിക്ക്’ ചെയ്ത രേഖ ഒരു പോളിംഗ് ഓഫീസർ നൽകിയതല്ലെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. അതിനാൽ, രാഹുൽ ഗാന്ധി തന്റെ ആരോപണങ്ങളെ സാധൂകരിക്കുന്ന രേഖകൾ സമർപ്പിക്കണമെന്ന് സിഇഒ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പിലെ ‘വോട്ട് മോഷണ’വുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനകളിൽ വിശദീകരണം ആവശ്യപ്പെട്ട് നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് അയച്ചിരുന്നു. അതിൽ ഒപ്പുവെച്ച പ്രസ്താവന നൽകുകയോ, അല്ലെങ്കിൽ മാപ്പുപറയുകയോ ചെയ്യണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ഈ നോട്ടീസിന് പിന്നാലെയാണ് കർണാടക സിഇഒയുടെ ഇപ്പോഴത്തെ നീക്കം. രാഹുൽ ഗാന്ധിയുടെ രേഖകൾ ലഭിച്ചാൽ വിഷയം വിശദമായി അന്വേഷിക്കുമെന്ന് സിഇഒ വ്യക്തമാക്കി.