കന്നഡ നടൻ ദിനേശ് മംഗളൂരു അന്തരിച്ചു; ‘കെജിഎഫ്’ സഹനടൻ ഓർമ്മയായി

ബെംഗളൂരു: ‘കെജിഎഫ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കന്നഡ നടൻ ദിനേശ് മംഗളൂരു (63) അന്തരിച്ചു. ഏറെ നാളായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം തിങ്കളാഴ്ച രാവിലെ ഉഡുപ്പിയിലെ കുന്ദാപുരയിലുള്ള വസതിയിൽ വെച്ചാണ് അന്തരിച്ചത്.
കുടുംബാംഗങ്ങൾ പറയുന്നതനുസരിച്ച്, കഴിഞ്ഞയാഴ്ച തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയതിന് പിന്നാലെ ആരോഗ്യനില വഷളാവുകയായിരുന്നു.
ഒരു പ്രമുഖ മാധ്യമത്തിന്റെ റിപ്പോർട്ട് അനുസരിച്ച്, ‘കാന്താര’ സിനിമയുടെ ചിത്രീകരണത്തിനിടെ ദിനേശ് മംഗളൂരുവിന് പക്ഷാഘാതം സംഭവിച്ചിരുന്നു. ബംഗളൂരുവിൽ ചികിത്സ തേടിയ ശേഷം അദ്ദേഹം സുഖം പ്രാപിച്ചെങ്കിലും, കഴിഞ്ഞ ഒരു വർഷമായി ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു.
കെജിഎഫ് സിനിമയിൽ ‘ബോംബെ ഡോൺ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദിനേശ്, കാന്താര, കിരിക് പാർട്ടി, ഉൾളിധവരു കണ്ടന്തെ തുടങ്ങിയ നിരവധി ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഒരു കലാസംവിധായകനായി സിനിമാരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം ഏകദേശം 200-ഓളം സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
മരണവിവരം അറിഞ്ഞയുടൻ കന്നഡ സിനിമാലോകവും ആരാധകരും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. ചൊവ്വാഴ്ച ലഗ്ഗേറെയിലുള്ള വസതിയിൽ പൊതുദർശനത്തിന് വെച്ച ശേഷം മൃതദേഹം സംസ്‌കരിക്കും.