കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച നാലാം ക്ലാസുകാരിയുടെ സഹോദരനും രോഗലക്ഷണം

കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച നാലാം ക്ലാസുകാരി അനയയുടെ സഹോദരനും രോഗലക്ഷണം. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴു വയസ്സുകാരനായ സഹോദരനാണ് പനിയും ഛർദ്ദിയും അനുഭവപ്പെട്ടത്. കുട്ടിയുടെ സ്രവ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.
അതേസമയം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിന്റെ നില ഗുരുതരമായി തുടരുന്നു. രണ്ടാഴ്ചയിലേറെയായി കുഞ്ഞ് വെന്റിലേറ്ററിന്റെ സഹായത്തിലാണ് കഴിയുന്നത്. മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞിനാണ് മസ്തിഷ്‌ക ജ്വരം ബാധിച്ചത്.
ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയ ശേഷമാണ് കുഞ്ഞിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയിലിരിക്കെ കുഞ്ഞിന്റെ നില ഗുരുതരമാവുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ആയിരുന്നു.
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച അന്നശ്ശേരി സ്വദേശിയായ യുവാവും മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ട്. ഇരുവരുടെയും വീടുകളിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി ജലത്തിന്റെ സാംപിളുകൾ ശേഖരിച്ചിരുന്നു. കുഞ്ഞിന് രോഗം ബാധിച്ചത് എങ്ങനെയാണെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല.