World

കനേഡിയൻ മണ്ണിൽ വിദേശ ശക്തികളുടെ ഇടപെടൽ അനുവദിക്കില്ല; ഇന്ത്യക്കെതിരെ വീണ്ടും ജസ്റ്റിൻ ട്രൂഡോ

നിജ്ജർ കൊലപാതകത്തിൽ ഇന്ത്യക്കെതിരെ തെളിവുണ്ടെന്ന് കാനഡ. ഇന്ത്യ അന്വേഷണവുമായി സഹകരിക്കണമെന്നും, തെളിവുകൾ കൈമാറിയിട്ടുണ്ടെന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കി. കനേഡിയൻ പൗരന്മാരുടെ സുരക്ഷ പരമ പ്രധാനമാണ്. കാനഡയുടെ മണ്ണിൽ വിദേശ ശക്തികളുടെ ഇടപെടൽ അനുവദിക്കില്ലെന്നാണ് ട്രൂഡോ പറയുന്നത്.

കാനഡയിലുണ്ടായ കൊലപാതകത്തിലും ക്രിമിനൽ പ്രവർത്തനങ്ങളിലും ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്നാണ് കാനഡ ആവർത്തിക്കുന്നത്. ഖാലിസ്ഥാൻ അനുകൂലരെ ഇന്ത്യ ഗവൺമന്റ് ക്രിമിനൽ ഗ്രൂപ്പുകളെ ഉപയോഗിച്ച് ലക്ഷ്യം വെയ്ക്കുന്നുവെന്ന് കാനഡ ആരോപിക്കുന്നു. കുറ്റകൃത്യങ്ങളിൽ അധോലോക നായകൻ ലോറൻസ് ബിഷ്‌ണോയി ഗ്രൂപ്പിന് പങ്കുണ്ടെന്നും കനേഡിയൻ പൊലീസ് ആരോപിച്ചു. ലോറൻസ് ബിഷ്‌ണോയി ഗ്രൂപ്പിന് ഇന്ത്യൻ സർക്കാരിന്റെ പിന്തുണയുണ്ടെന്നും കാനഡ ആരോപിച്ചു.

നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ കാനഡയ്‌ക്കെതിരെ ഇന്ത്യ കടുത്ത നടപടിയാണ് സ്വീകരിച്ചത്. ആറ് കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കാൻ ഇന്ത്യ തീരുമാനിച്ചു. ശനിയാഴ്ച രാത്രി 11:59ന് മുൻപ് ഇന്ത്യ വിടാനാണ് ഇവർക്ക് നൽകിയത നിർദേശം. ആക്ടിംഗ് ഹൈക്കമ്മീഷണർ സ്റ്റുവർട്ട് റോസ് വീലർ, ഡെപ്യൂട്ടി ഹൈക്കമ്മീഷണർ പാട്രിക് ഹെബർട്ട്, ഫസ്റ്റ് സെക്രട്ടറി മേരി കാതറിൻ ജോളി, ഫസ്റ്റ് സെക്രട്ടറി ലാൻ റോസ് ഡേവിഡ് ട്രൈറ്റ്‌സ്, ഫസ്റ്റ് സെക്രട്ടറി ആദം ജെയിംസ് ചുപ്ക, ഫസ്റ്റ് സെക്രട്ടറി പോള ഓർജുവേല എന്നിവർക്കാണ് രാജ്യം വിടാൻ നിർദേശം നൽകിയിരിക്കുന്നത്.

Related Articles

Back to top button