1 രൂപ ചെലവില്ലാത്ത സൗജന്യ ചികിത്സാ പ്രഖ്യാപനവുമായി നിത അംബാനി
മുംബൈ: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒരു രൂപപോലും ചെലവില്ലാതെ ചികിത്സ ഉറപ്പാക്കുന്ന പദ്ധതി പ്രഖ്യാപിച്ച് നിത അംബാനി. സ്ത്രീകളും, കുട്ടികളും ഉള്‍പ്പെടെ ഒരു ലക്ഷം പേര്‍ക്ക് സൗജന്യ ചികിത്സയാണ് നിതയുടെ വാഗ്ദാനം. സര് എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന് ഹോസ്പിറ്റലിന്റെ 10ാം വാര്‍ഷികത്തോടനുബന്ധിച്ച് ആണ് ഏവരുടെയും കൈയടി നേടാന്‍ പര്യാപ്തമായ ഈ പ്രഖ്യാപനം മുകേഷ് അംബാനിയുടെ ഭാര്യയും റിലയന്‍സ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയര്‍പേഴ്സണുമായ നിത അംബാനി നടത്തിയിരിക്കുന്നത്.
അത്യാധുനിക സാങ്കേതിക വിദ്യകള്‍ സംഗമിക്കുന്ന നൂതന ക്ലിനിക്കല്‍ കെയര്‍, മികച്ച നിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍, എന്നിവ നല്‍കിക്കൊണ്ട് 1.5 ലക്ഷത്തിലധികം കുട്ടികള്‍ ഉള്‍പ്പെടെ 2.75 ദശലക്ഷം ഇന്ത്യക്കാരുടെ ജീവിതത്തെ സ്വാധീനിക്കാന്‍ 10 വര്‍ഷംകൊണ്ട് സര് എച്ച് എന്‍ റിലയന്‍സ് ഫൗണ്ടേഷന് ഹോസ്പിറ്റലിന് സാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികളില്‍ ഒന്നു കൂടിയാണിത്. മുംബൈയിലെ ഏറ്റവും വലിയ ഗോള്‍ഡ് സര്‍ട്ടിഫൈഡ് ഗ്രീന്‍ ഹോസ്പിറ്റല്‍ കൂടിയാണിത്.
ആശുപത്രി 500ല്‍ അധികം അവയവമാറ്റ ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ ആറ് അവയവങ്ങള്‍ മാറ്റിവയ്ക്കുകയും, ഒന്നിലധികം ജീവന് രക്ഷിക്കുകയും ചെയ്തതിന്റെ ദേശീയ റെക്കോഡും ആശുപത്രി സ്വന്തമാക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും നിത അംബാനിയുടെ പുതിയ ഹെല്‍ത്ത് സേവാ പ്ലാന്‍ പ്രകാരം സൗജന്യ സ്ക്രീനിംഗും, ചികിത്സയും പ്രഖ്യാപനത്തിന്റെ ഭാഗമായി ലഭിക്കും.
50,000 കുട്ടികള്‍ക്ക് ജന്മനായുള്ള ഹൃദ്രോഗ പരിശോധന, 50,000 സ്ത്രീകള്‍ക്ക് ബ്രെസ്റ്റ്- സെര്‍വിക്കല്‍ ക്യാന്‍സര്‍ പരിശോധന, 10,000 കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് സെര്‍വിക്കല്‍ ക്യാന്‍സര്‍ വാക്സിനേഷന് എന്നിവ ഉള്‍പ്പെടെയുള്ള നിര്‍ണായക ആരോഗ്യ സേവനങ്ങളാണ് പുതിയ ഹെല്‍ത്ത് സേവ പ്ലാനില്‍ ഉള്‍പ്പെടുന്നത്.
സാധാരണക്കാര്‍ക്ക് പ്രാപ്യവും താങ്ങാനാവുന്നതുമായ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയെന്ന ലക്ഷ്യമാണ് സര് എച്ച് എന്‍ റിലയന്‍സ് ഫൗണ്ടേഷന് ഹോസ്പിറ്റലിനുള്ളത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കും, സ്ത്രീകള്‍ക്കുമായി ഒരു സൗജന്യ ആരോഗ്യ സേവാ പദ്ധതി ആരംഭിക്കുന്നുവെന്നാണ് ഇതേക്കുറിച്ചുള്ള പ്രഖ്യാപനത്തില്‍ നിത അംബാനി വെളിപ്പെടുത്തിയത്.