കൊടകര കുഴല്‍പ്പണം: വീണ്ടും അന്വേഷിക്കാന്‍ ഡി ജി പിക്ക് നിര്‍ദേശം നല്‍കി മുഖ്യമന്ത്രി
തീരുമാനം ബി ജെ പി മുന്‍ ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തലിന് പിന്നാലെ
തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസ് വീണ്ടും അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഡി ജി പിക്ക് നിര്‍ദേശം നല്‍കി. സംഭവത്തില്‍ ബി ജെ പി അധ്യക്ഷന്‍ കെ സുരേന്ദ്രന് ബന്ധമുണ്ടെന്നും പണം കൊണ്ടുവന്നത് ബി ജെ പിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്കാണെന്നുമുള്ള ബി ജെ പി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന്റെ മൊഴി വിവാദമായതോടെയാണ് വീണ്ടും അന്വേഷിക്കാന്‍ പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയത്. തിരൂര്‍ സതീശന്റെ മൊഴി വിശദമായി രേഖപ്പെടുത്താനും പുതിയ വിവരങ്ങള്‍ കോടതിയെ അറിയിച്ച് തുടരന്വേഷണത്തിന് അനുമതി തേടാനുമാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഡി ജി പി ദര്‍വേശ് സാഹിബുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. ഈ ചര്‍ച്ചയിലാണ് ഇത്തരമൊരു നിര്‍ദേശം അദ്ദേഹം നല്‍കിയത്.
പുനരന്വേഷണം വേണോ തുടരന്വേഷണം വേണോ എന്ന കാര്യത്തില്‍ നിയമപരമായ കാര്യങ്ങള്‍ ആദ്യം പരിശോധിക്കും. തുടര്‍ന്നാണ് കോടതിയെ സമീപിക്കുക. ആദ്യ കുറ്റപത്രത്തില്‍ 22 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. തുടരന്വേഷണത്തില്‍ ഒരു പ്രതിയെ കൂടി ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം നല്‍കുകയായിരുന്നു.
തൃശൂര്‍ റേഞ്ച് ഡിഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കാന്‍ രൂപീകരിക്കുകയും, ഇവര്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തതാണ്. അതുകൊണ്ട് കോടതിയുടെ അനുമതിയോടെ മാത്രമേ തുടരന്വേഷണം നടത്താനാവൂ. നേരത്തെ കേസ് അന്വേഷിച്ചിരുന്ന അന്വേഷണ സംഘം തന്നെ തിരൂര്‍ സതീശന്റെ മൊഴി രേഖപ്പെടുത്തും.
കൊടകര ദേശീയ പാതയില്‍ വെച്ച് കാറില്‍ കൊണ്ടുപോവുകയായിരുന്ന മൂന്നരക്കോടി രൂപ ക്രിമിനല്‍ സംഘം തട്ടിയെടുത്തതുമായി ബന്ധപ്പെട്ടതാണ് കേസ്. അതേസമയം പുതിയ അന്വേഷണം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. കൊടകര കേസില്‍ ഇ ഡിയും സര്‍ക്കാറും ബി ജെ പിയെയും സുരേന്ദ്രനെയും രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും കേസില്‍ ബി ജെ പി – സി പി എം ഡീല്‍ ആണ് നടക്കുന്നതെന്നും പ്രതിപക്ഷം നേരത്തേ ആരോപിച്ചിരുന്നു.