നിവേദനം നൽകി നേടിയെടുത്ത കെഎസ്ആർടിസി ബസ്; അതേ ബസിൽ മൊട്ടിട്ട പ്രണയം, വിവാഹ യാത്രയും
അണപ്പാട്-ചീനിവിള വഴി തിരുവനന്തപുരത്തേക്കുള്ള കെഎസ്ആർടിസി ബസും അമലും തമ്മിലുള്ള ബന്ധത്തിന് ഒരു ജീവിതത്തിന്റെ ഉറപ്പുണ്ട്. അമലിന്റെ സ്വപ്രയത്നം കൊണ്ട് നേടിയെടുത്തതാണ് ആ ബസ്. അതേ ബസിൽ വെച്ചാണ് ഒരു പ്രണയമുണ്ടാകുന്നത്. അത് വിവാഹത്തിലേക്ക് എത്തിയത്. വിവാഹ യാത്രയ്ക്ക് തെരഞ്ഞെടുത്തതും അമൽ ഇതേ ബസ് തന്നെയായിരുന്നു.
ചീനിവിള അരുൺ നിവാസിൽ നിത്യാനന്ദൻ-ഗീതാമണി ദമ്പതികളുടെ മകൻ അമലാണ് ചെങ്കൽ ക്ഷേത്രസന്നിധിയിലേക്ക് താലി കെട്ടാൻ പോകാൻ കെഎസ്ആർടിസി ബസ് തെരഞ്ഞെടുത്തത്. അതിന് പിന്നിൽ ഒരു കഥയുണ്ട്. പഠിക്കുന്ന കാലത്ത് അമൽ നിരന്തം നിവേദനം നൽകി നേടിയെടുത്തതാണ് കെഎസ്ആർടിസി ബസിന്റെ ഈ സർവീസ്.
ഈ ബസിലെ യാത്രക്കിടെയാണ് സഹ യാത്രക്കാരിയായ അഭിജിതയെ അമൽ പരിചയപ്പെടുന്നത്. പരിചയം പിന്നീട് ഒരേ സീറ്റിലിരുന്ന യാത്രയിലേക്കും പ്രണയത്തിലേക്കും തുടർന്ന് വിവാഹത്തിലേക്കും എത്തി. കതിർമണ്ഡപത്തിലേക്കുള്ള യാത്ര അപ്പോൾ തങ്ങളുടെ ഒന്നിപ്പിച്ച അതേ ബസിൽ തന്നെ വേണമെന്നതും അമലിന്റെ ആഗ്രഹമായിരുന്നു. നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അമൽ ഇപ്പോഴും ഇതേ ബസിൽ തന്നെയാണ് യാത്ര ചെയ്യുന്നത്.