കള്ളപ്പണം വെളുപ്പിക്കുന്നത് തടയാന്‍ വലിയ തുകയുടെ പര്‍ച്ചേസുകള്‍ ഡിജിറ്റലാക്കാന്‍ കുവൈറ്റ് ഒരുങ്ങുന്നു
കുവൈറ്റ് സിറ്റി: സാമ്പത്തിക രംഗത്ത് സുതാര്യത ഉറപ്പാക്കാനും കള്ളപ്പണം വെളുപ്പിക്കുന്നത് തടയാനും ലക്ഷ്യമിട്ട് വിലപിടിപ്പുള്ള വസ്തുക്കള്‍ വാങ്ങുന്നതിന് ദിനാര്‍ ഉപയോഗിക്കുന്നത് നിരോധിക്കാന്‍ കുവൈറ്റ് ഒരുങ്ങുന്നു. സ്വര്‍ണം, വാച്ച് പോലുള്ള വിലകൂടിയ വസ്തുക്കള്‍ പണം നല്കി വാങ്ങുന്നതിന് പകരം ഡിജിറ്റലായി വാങ്ങുന്ന രീതി നടപ്പാക്കാനാണ് ഒരുങ്ങുന്നത്.
ക്രയവിക്രയങ്ങള്‍ക്ക് ബാങ്ക് കാര്‍ഡോ, ഇലക്ട്രോണിക് മാനദണ്ഡങ്ങളോ മാത്രമേ ഉപയോഗിക്കാവൂവെന്നാണ് കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നിര്‍ദേശം. എഫ്എടിഎഫ്(ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ്)ന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പണം ഉപയോഗിച്ചുള്ള ക്രയവിക്രയം കുറക്കാന്‍ ഒരുങ്ങുന്നത്.
റിയല്‍ എസ്റ്റേറ്റ് മേഖല, കാറുകളുടെ ചില്ലറ, മൊത്തക്കച്ചവടം, പുതിയതും പഴയതുമായ കാറുകളുടെ ലേല വില്പന, താല്‍ക്കാലിക വ്യാപാര മേളകള്‍, പത്ത് ദിനാറിന് മുകളിലുള്ള ഫാര്‍മസികളിലെ വില്പന, ആഭ്യന്തര തൊഴില്‍ ഓഫിസുമായുള്ള പണമിടപാടുകള്‍ തുടങ്ങിയവയെല്ലാം പണം ഉപയോഗിക്കുന്നതിന് നിരോധനം ഏര്പ്പെടുത്തിയിട്ടുള്ളവയിലാണ് വരുന്നത്. പണം ഉപയോഗിച്ച് നടത്തുന്ന ഇടപാടുകള്‍ക്ക് പരിധി നിശ്ചയിക്കുന്നതിനുള്ള നീക്കവും കുവൈറ്റ് അധികൃതര്‍ തുടങ്ങിയിട്ടുണ്ട്.