വാശി വിട്ട് ഷിന്‍ഡെ; ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും
ചര്‍ച്ചയില്‍ തീരുമാനമായതായി റിപോര്‍ട്ട്
മുംബൈ: മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രിയായി ബി ജെ പിയുടെ ദേവേന്ദ്ര ഫെഡ്‌നാവിസ് ചുമതലയേല്‍ക്കും. മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് മഹായുതി സഖ്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെങ്കിലും പ്രശ്‌നങ്ങള്‍ പരിഹരിച്ചതായും ശിവസേന ഷിന്‍ഡെ വിഭാഗത്തിന്റെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഏക്‌നാഥ് ഷിന്‍ഡെ നിലപാടില്‍ മയം വരുത്തിതയായും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.
ഇതോടെ സഖ്യത്തിന്റെ ഐക്യത്തിന് കോട്ടം വരാതെ ഭരിക്കാനാകുമെന്നും ഫെഡ്‌നാവിസ് ഉടന്‍ മുഖ്യമന്ത്രിയാകുമെന്നും എന്‍ ഡി എ നേതൃത്വം അറിയിച്ചു.
ചര്‍ച്ചയിലെ വ്യവസ്ഥ അനുസരിച്ച് രണ്ട് ഉപ മുഖ്യമന്ത്രിമാര്‍ ഉണ്ടാവും. എന്‍സിപിയുടെ അജിത് പവാര്‍ വീണ്ടും ഉപമുഖ്യമന്ത്രിയാവും. മറ്റൊരു ഉപമുഖ്യമന്ത്രിയായി ഏക്നാഥ് ഷിന്‍ഡെ വരുമോ മകന്‍ ശ്രീനാഥ് ഷിന്‍ഡെ വരുമോ എന്നതില്‍ ഇപ്പോള്‍ ഉത്തരമായിട്ടില്ല. മഹായുതി കണ്‍വീനര്‍ സ്ഥാനം ഷിന്‍ഡെ പക്ഷത്തിന് നല്‍കുമോയെന്നതിലും തീരുമാനമായിട്ടില്ല.തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ അനുയായികള്‍ വ്യാപകമായി രംഗത്തിറങ്ങിയിരുന്നു.