ഉമര്‍ ഫൈസിക്കെതിരെ വീണ്ടും ബഹാഉദ്ദീന്‍ നദ്വി; സമസ്തയില്‍ വിഭാഗിയത രൂക്ഷം
ജിഫ്രി തങ്ങള്‍ ഇറങ്ങിപ്പോയതിന് പിന്നില്‍ ഉമര്‍ ഫൈസി തന്നെ
സമസ്ത ഇ കെ വിഭാഗത്തിന്റെ മുശാവറ യോഗത്തിനിടെയുണ്ടായ നടകീയ രംഗങ്ങളുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം. നേരത്തേ വിഷയത്തില്‍ പ്രതികരിച്ച സമസ്തയിലെ ലീഗ് അനുകൂല പണ്ഡിതന് ബഹാവുദ്ദീന്‍ നദ്വിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പടരുന്ന പ്രചാരണങ്ങള്‍ക്ക് പിന്നാലെയാണ് പുതിയ വിവാദം.
മുശാവറയിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി കൊടുത്തത് താനല്ലെന്നും കള്ളന്മാര് എന്ന പ്രയോഗം യോഗത്തില്‍ ഉമര്‍ ഫൈസി നടത്തിയെന്നും നദ്വി വാദിച്ചു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഡോ ബഹാഉദ്ദീന്‍ നദ്വിയുടെ പ്രതികരണം. മുശാവറയില്‍ നിന്ന് ജിഫ്രി തങ്ങള്‍ ഇറങ്ങിപ്പോകാന്‍ കാരണം ഉമര്‍ ഫൈസിയാണ്. മുശാവറയിലെ ചര്‍ച്ചകള്‍ താനാണ് പുറത്തുവിട്ടതെന്ന് ഒരു വിഭാഗം ‘ഗീബല്‍സിയം’ നയമനുസരിച്ച് വ്യാപകമായി പ്രചരിപ്പിക്കുന്നു. തന്റെ പേരിലുളള ഈ നുണയുടെ സത്യാവസ്ഥ പുറത്തറിയിക്കാന്‍ വേണ്ടി മാത്രമാണ് താന്‍ മാധ്യമങ്ങളെ കണ്ടതെന്നും നദ്വി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ബുധനാഴ്ച നടന്ന സമസ്ത മുശാവറ യോഗത്തിലെ ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ക്ക് ഞാനാണ് ചോര്‍ത്തിക്കൊടുത്തതെന്ന് ഒരു വിഭാഗം ‘ഗീബല്‍സിയം നയ’മനുസരിച്ച് വ്യാപക പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.ഉമര്‍ ഫൈസിയെ മാറ്റിനിര്‍ത്തി വിഷയം ചര്‍ച്ച ചെയ്യണമെന്ന് ഞാന്‍ ആവശ്യപ്പെട്ടുവെന്നും, ഇവ്വിഷയകമായി യോഗത്തില്‍ പൊട്ടിത്തെറി ഉണ്ടായെന്നും നിരവധി ചാനലുകള്‍ വാര്‍ത്ത നേരത്തെ പുറത്തുവിട്ടിരുന്നു. എന്റെ പേരില്‍ കല്ലുവെച്ച നുണ വ്യാപകമായി പ്രചരിപ്പിച്ചപ്പോള്‍ അതിന്റെ നിജസ്ഥിതി വെളിപ്പെടുത്തേണ്ടത് വ്യക്തിപരമായ ബാധ്യതയായിത്തീര്‍ന്നു. അത് നിര്‍വഹിക്കുക മാത്രമായിരുന്നു ഞാന്‍.കള്ളന്മാര് എന്നു ബഹുവചനം തന്നെ ഫൈസി യോഗത്തില്‍ പ്രയോഗിച്ചിരുന്നു. അദ്ദേഹം അല്ലാത്ത മറ്റു മുശാവറ അംഗങ്ങളോട് ചോദിച്ചാല്‍ ഇതിന്റെ വസ്തുത അറിയാം. നിങ്ങളുടെ എന്താണ് ഞാന്‍ മോഷ്ടിച്ചത് എന്നു ചോദിച്ചപ്പോള്‍, നിങ്ങള്‍ മോഷ്ടിച്ചു എന്നല്ല; കള്ളം പറഞ്ഞു എന്നാണുദ്ദേശിച്ചത് എന്നായിരുന്നു മറുപടി. അപ്പോള്‍, ആ കള്ളന്മാരുടെ കൂട്ടത്തില്‍ താനും ഉള്പെടുമല്ലോ, അത് കൊണ്ട് ഇനി ഇവിടെ ഇരിക്കുന്നത് ശരിയല്ല എന്നു പറഞ്ഞാണ് ജിഫ്രി തങ്ങള്‍ യോഗത്തില്‍ നിന്നു ഇറങ്ങിപോയത്.
അദ്ദേഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചയാകുമ്പോള്‍ മാറി നില്‍ക്കണമെന്ന് യോഗാധ്യക്ഷന്‍ ജിഫ്രി തങ്ങള്‍ നിര്‍ദേശിച്ചിരുന്നു. രണ്ട് മണിക്കൂറിന് ശേഷം തദ്വിഷയകമായി ചര്‍ച്ച തുടങ്ങാനിരിക്കെയും തങ്ങള്‍ അക്കാര്യം ഉണര്‍ത്തി. എന്നാല്‍ താന്‍ പോകില്ല എന്ന നിലപാടിലായിരുന്നു അദ്ദേഹം. തല്‍സമയം അധ്യക്ഷനെ പിന്തുണച്ച് സംസാരിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. വസ്തുത ഇതായിരിക്കെ ഒരു രാത്രി കഴിഞ്ഞപ്പോഴേക്കും വിഷയം മറ്റൊരു തരത്തില്‍ അദ്ദേഹം വക്രീകരിക്കുകയുണ്ടായി:
താന്‍ ഉദ്ദേശിച്ചത് മുശാവറ അംഗങ്ങളെ അല്ലെന്നും തന്റെ കാര്യത്തില്‍ ഹരജി നല്‍കിയവരെ സംബന്ധിച്ചാണ് പരാമര്‍ശം എന്നുമായിരുന്നു വിശദീകരണം! അദ്ദേഹത്തിനു അനുകൂലമായി ഹരജി നല്കിയവരും കള്ളന്മാരാണെന്നാണോ..? എടവണ്ണപ്പാറയില്‍ താന്‍ ഉദ്ദേശിച്ചത് സ്വാദിഖ് അലി ശിഹാബ് തങ്ങളെ അല്ലെന്നാണ് ഇതുവരെയും അദ്ദേഹം നിരന്തരമായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്.
ഖാസി ഫൗണ്ടേഷന് ഉള്‍പ്പെടെ പേരെടുത്തു പറഞ്ഞ ശേഷമാണ് അതല്ല ഉദ്ദേശ്യമെന്നു പറഞ്ഞത്! അങ്ങനെയാണെങ്കില്‍ പിന്നെ ആരെയാണ് ഉദ്ദേശിച്ചതെന്നു വ്യക്തമാക്കേണ്ട ബാധ്യത അദ്ദേഹത്തിനുണ്ട്. ബോധ്യപ്പെടേണ്ട അവകാശം പൊതുസമൂഹത്തിനും. ഇതാണ് ഫേസ്ബുക്ക് പോസ്റ്റ്.