പ്രവാസി തൊഴിലാളികളെ മറ്റൊരു സ്ഥാപനത്തിലേക്ക് താല്‍ക്കാലികമായി ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ഒമാന്റെ അനുമതി
മസ്കറ്റ്: പ്രവാസി തൊഴിലാളികളെ താല്‍ക്കാലികമായി ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് അനുമതി നല്‍കുന്നതായി ഒമാന്‍ ഭരണകൂടം അറിയിച്ചു. ചില നിബന്ധനകള്‍ക്കു വിധേയമായി പരമാവധി ആറു മാസത്തേക്കാണ് പ്രവാസി ജീവനക്കാരെ ഒമാനിലെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്കിടയില്‍ കൈമാറ്റം ചെയ്യാനാവുക. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി നടപ്പിലാക്കുന്ന ഈ തൊഴിലാളി കൈമാറ്റം ചില വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.
സ്വദേശികള്‍ക്കായി മാത്രം നിശ്ചയിക്കപ്പെട്ട അഥവാ ഒമാനൈസ് ചെയ്ത തൊഴില്‍ മേഖലയിലേക്ക് പ്രവാസി തൊഴിലാളിയെ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ പാടില്ലെന്നതാണ് ട്രാന്‍സ്ഫറിനുള്ള പ്രധാന വ്യവസ്ഥ. ഇതിനായി റോയല്‍ ഡിക്രി 53/2023 ആര്‍ട്ടിക്കിള്‍ 1 പ്രകാരം ഉത്തരവും ഒമാന്‍ പുറപ്പെടുവിച്ചിട്ടുണ്ട്. തൊഴിലാളി നിര്‍ബന്ധമായും ആറ് മാസത്തില്‍ കുറയാതെ അദ്ദേഹം ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുന്ന സ്ഥാപനത്തില്‍ ജോലി ചെയ്ത ശേഷം മാത്രമേ മറ്റൊരു സ്ഥാപനത്തിലേക്ക് ട്രാന്‍സ്ഫര്‍ പാടുള്ളൂ. ട്രാന്‍സ്ഫര്‍ ചെയ്ത തൊഴിലാളിയുടെ വര്‍ക്ക് പെര്‍മിറ്റ് നില ആക്റ്റീവ് ആയിരിക്കണം, കൂടാതെ വര്‍ക്ക് പെര്‍മിറ്റ് കാലഹരണപ്പെടുന്നതിന് മുമ്പ് അതിന് ആറു മാസത്തില്‍ കുറയാത്ത കാലാവധിയും ഉണ്ടായിരിക്കണമെന്നും വ്യവസ്ഥയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
തൊഴിലാളിയെ അയാളുടെ വര്‍ക്ക് പെര്‍മിറ്റിലുള്ള പ്രൊഫഷന്റെ അതേ വിഭാഗത്തിലുള്ള ഒരു പ്രൊഫഷനിലേക്ക് മാത്രമേ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ പാടുള്ളൂ. കൂടാതെ, കൈമാറ്റത്തിന് മുമ്പുള്ള അയാളുടെ പ്രൊഫഷന്റെ സ്വഭാവവുമായി പൊരുത്തപ്പെടുന്ന രീതിയിലുള്ള തൊഴിലിലേക്ക് മാത്രമേ അയക്കാവൂ. തൊഴിലാളിയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ അയാളെ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ പാടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.