സഊദിയിയില്‍ ശനിയാഴ്ചവരെ മഴക്കും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം
റിയാദ്: രാജ്യത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും കടുത്ത തണുപ്പ് അനുഭവപ്പെടുന്നതിനിടെ ശനിയാഴ്ചവരെ മഴക്കും ഇടിമിന്നലിനും സാധ്യതയുള്ളതായി സഊദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ജനറല്‍ ഡയരക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സും അറിയിച്ചു. താഴ്‌വരകളിലും വെള്ളക്കെട്ടുള്ള പ്രദേശങ്ങൡും പോകുന്നതും നീന്തല്‍പോലുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതും പരമാവധി ഒഴിവാക്കാന്‍ ജനങ്ങളോട് അധികൃതര്‍ അഭ്യര്‍ഥിച്ചു. സോഷ്യല്‍മീഡിയയിലും ഔദ്യോഗിക പോര്‍ട്ടലുകളിലും നല്‍കുന്ന നിര്‍ദേശങ്ങള്‍ ജനങ്ങള്‍ കര്‍ശനമായി പാലിക്കണം.
റിയാദ് മേഖലയില്‍ പൊടിക്കാറ്റും നേരിയ തോതിലുള്ള മഴയുമുണ്ടാവും. വടക്കന്‍ മേഖലയില്‍ അതിശൈത്യം തുടരും. ഖുറൈയാത്തില്‍ മൈനസ് ഒരു ഡിഗ്രി സെല്‍ഷ്യസും തുറൈഫില്‍ പൂജ്യവും റഫ്അയില്‍ ഒന്നും അറാറില്‍ രണ്ടും സകാകയിലും ഹായിലിലും മൂന്നും ഡിഗ്രി സെല്‍ഷ്യസും താപനില രേഖപ്പെടുത്തിയപ്പോള്‍ താബൂക്കില്‍ അഞ്ചു ഡിഗ്രി സെല്‍ഷ്യസായിരുന്നു രേഖപ്പെടുത്തിയത്.