നിറചിരിയോടെ ഉമ തോമസ്; 46 ദിവസത്തിന് ശേഷം ആശുപത്രി വിട്ടു
![](https://metrojournalonline.com/wp-content/uploads/2025/01/uma-thomas-780x470.avif)
കൊച്ചി: കല്ലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ വീണ് പരിക്കേറ്റ ഉമ തോമസ് എം.എല്‍.എ. ആശുപത്രിവിട്ടു. 46 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷമാണ് എംഎൽഎ വീട്ടിലേക്ക് തിരിച്ചത്. ഡിസംബർ ഇരുപത്തിയൊമ്പതിനാണ് എംഎൽഎ താൽക്കാലികമായി നിർമിച്ച സ്റ്റേജിൽ നിന്ന് വീണ് പരിക്കേൽക്കുന്നത്.
കഴിഞ്ഞ ദിവസം തന്നെ ആശുപത്രി വിടുന്ന കാര്യം ഉമ തോമസ് തന്നെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. തന്നെ ശുശ്രൂശിച്ച ഡോക്ടർമാർ, നഴ്സസ്, സപ്പോർട്ട് സ്റ്റാഫ്സ്, കൂടെ നിന്ന സഹപ്രവർത്തകർ, സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ എന്നിവർക്ക് നന്ദിയറിയിച്ചായിരുന്നു എംഎൽഎയുടെ പോസ്റ്റ്. ആശുപത്രി വിട്ട ഉമാ തോമാസിന് വലിയ യാത്രയയപ്പാണ് ആശുപത്രി ജീവനക്കാര്‍ നല്‍കിയത്. എന്നാൽ തനിക്ക് കുറച്ച് ആഴ്ച്ചകള്‍ കൂടെ വിശ്രമം അനിവാര്യമാണെന്നും എംഎൽഎ പോസ്റ്റിൽ പറയുന്നു.
അതേസമയം ഡിസംബറിൽ ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ 11,600 നര്‍ത്തകര്‍ ചേര്‍ന്ന് അവതരിപ്പിച്ച മൃദംഗനാദം ഗിന്നസ് റെക്കോഡ് പരിപാടിക്കിടെയായിരുന്നു ഉമ തോമസ് താൽക്കാലികമായി നിർമിച്ച വേദിയിൽ നിന്ന് താഴേക്ക് വീണത്. പതിനഞ്ച് അടി താഴെയുള്ള കോണ്‍ക്രീറ്റ് സ്ലാബിലേക്കായിരുന്നു ഉമ തോമസ് വീണത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ എംഎൽഎ പാലാരിവട്ടം റിനൈ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആദ്യം വെന്റിലേറ്ററിലേക്ക് മാറ്റിയ ഉമ തോമസ്സിന്റെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായതിനെത്തുടര്‍ന്ന് പിന്നീട് ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു.
തലച്ചോറിനേറ്റ ക്ഷതവും ശ്വാസകോശത്തിന് പുറത്തെ നീർക്കെട്ടുമായിരുന്നു പ്രധാന പ്രശ്നം.ഡിസ്ചാർജിന് ശേഷം എറണാകുളം പൈപ്പ് ലൈനിലെ വാടക വീട്ടിലേക്കാണ് എംഎൽഎ പോവുക. സ്വന്തം വീടിന്‍റെ അറ്റകുറ്റ പണികൾക്ക് ശേഷം പിന്നീട് വീട്ടിലേക്ക് മാറും.