
അബുദാബി: കള്ളപ്പണം വെളിപ്പിച്ചതുമായി ബന്ധപ്പെട്ട് മണി എക്‌സ്‌ചേഞ്ചിന് 35 ലക്ഷം ദിര്‍ഹം പിഴ ചുമത്തിയതായി യുഎഇ സെന്‍ട്രല്‍ ബാങ്ക് വെളിപ്പെടുത്തി. യുഎഇയിലെ കള്ളപ്പണം വെളുപ്പിക്കലിനും തീവ്രവാദത്തിനെതിരേയുമുള്ള നിയമങ്ങള്‍ ലംഘിച്ചതിനാണ് പിഴ ചുമത്തിയതെന്ന് സെന്‍ട്രല്‍ ബാങ്ക് ഇന്നലെ വ്യക്തമാക്കി. 2018ലെ യുഎഇ ഫെഡറല്‍ ഡിക്രി ലോ നമ്പര്‍ 20 അനുസരിച്ചാണ് പിഴ ഇട്ടതെന്ന് സ്ഥാപനത്തിന്റെ പേരു വെളിപ്പെടുത്താതെ സെന്‍ട്രല്‍ ബാങ്ക് വിശദീകരിച്ചു.
തീവ്രവാദ സംഘടനകള്‍ക്കും അംഗീകാരമില്ലാത്ത സംഘടനകള്‍ക്കുമെല്ലാം സാമ്പത്തിക സഹായം ലഭ്യമാവാന്‍ ഇടയാക്കിയതാണ് യുഎഇ ഫെഡറല്‍ ഗവണ്‍മെന്റിനെ കടുത്ത നടപടിക്ക് പ്രേരിപ്പിച്ചത്. സംഭവത്തിന്റെ വെളിച്ചത്തില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാനും സാമ്പത്തിക ഇടപാടുകള്‍ നിരീക്ഷിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സെന്‍ട്രല്‍ ബാങ്ക് നിയോഗിച്ച സംഘം നടത്തിയ പരിശോധനയിലാണ് കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദത്തിന് സാമ്പത്തിക സഹായം ചെയ്യല്‍ നിയമം പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയത്.
രാജ്യത്തെ എല്ലാ മണി എക്‌സ്‌ചേഞ്ചുകളും ഇതര ധനകാര്യ സ്ഥാപനങ്ങളും രാജ്യത്തെ നിയമങ്ങളെല്ലാം കര്‍ശനമായി പാലിക്കണമെന്നും ഇത് സ്ഥാപന ഉടമകള്‍ക്കും ജീവനക്കാര്‍ക്കുമെല്ലാം ഒരുപോലെ ബാധകമാണെന്നും സെന്‍ട്രല്‍ ബാങ്ക് മുന്നറിയിപ്പു നല്‍കി. കഴിഞ്ഞവര്‍ഷം സെന്‍ട്രല്‍ ബാങ്ക് മറ്റൊരു സംഭവത്തില്‍ യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ബാങ്കിനെതിരെ 50 ലക്ഷം ദിര്‍ഹം പിഴ ചുമത്തിയിരുന്നു തീവ്രവാദ സംഘടനകള്‍ക്ക് ഫണ്ട് ലഭ്യമാക്കിയത് കണ്ടെത്തിയതോടെ ആയിരുന്നു നടപടി.