സെലൻസ്‌കിയെ വൈറ്റ് ഹൗസിൽ നിന്ന് പുറത്താക്കി ട്രംപ്, മഹായുദ്ധത്തിനാണോ ശ്രമമെന്നും ചോദ്യം; അസാധരണ സംഭവങ്ങൾ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ അസാധാരണ സംഭവങ്ങൾ. നേതാക്കൾ തമ്മിൽ കൂടിക്കാഴ്ചക്കിടെ അതിരൂക്ഷമായ വാക്‌പോരാണ് കണ്ടത്. ഇതിനൊടുവിൽ വൈറ്റ് ഹൗസിൽ നിന്ന് ഇറങ്ങിപ്പോകാൻ സെലൻസ്‌കിയോട് ട്രംപ് ആജ്ഞാപിച്ചു. മൂന്നാം ലോക മഹായുദ്ധത്തിനാണോ സെലൻസ്‌കി ശ്രമിക്കുന്നതെന്നും ട്രംപ് ചോദിച്ചു
യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും സെലൻസ്‌കിയും തമ്മിൽ നടന്ന വാക്‌പോര് ട്രംപ് ഏറ്റുപിടിക്കുകയായിരുന്നു. വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിലാണ് നാടകീയ രംഗങ്ങൾ നടന്നത്. മാധ്യമങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ചർച്ച നടന്നത്. വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോയെ പങ്കെടുപ്പിക്കാതെ വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനെ കൂട്ടിയാണ് ട്രംപ് ചർച്ചക്ക് എത്തിയത്. ശരിക്കും സെലൻസ്‌കിയെ വിളിച്ചുവരുത്തി അപമാനിക്കുകയായിരുന്നു ട്രംപ്
യുദ്ധം അവസാനിപ്പിക്കേണ്ടത് നയതന്ത്രത്തിലൂടെയാണെന്ന വാൻസിന്റെ പ്രസ്താവനയെ സെലൻസ്‌കി ചോദ്യം ചെയ്തതാണ് തർക്കത്തിന് തുടക്കം. എന്ത് തരം നയതന്ത്രമാണ് നടത്തേണ്ടതെന്ന് സെലൻസ്‌കി ചോദിച്ചു. റഷ്യ പലതവണ ധാരണകൾ തെറ്റിച്ചതിന്റെ ഉദാഹരണം സെലൻസ്‌കി എണ്ണിപ്പറഞ്ഞു. ഇതോടെ വാൻസ് സെലൻസ്‌കിയോട് നിങ്ങൾ ട്രംപിനെ അപമാനിച്ചെന്ന് പറഞ്ഞ് ക്ഷുഭിതനായി. തൊട്ടുപിന്നാലെ തർക്കം ട്രംപും ഏറ്റെടുത്തു
സുരക്ഷാ വ്യവസ്ഥ വേണമെന്ന് പറയാൻ നിങ്ങൾക്ക് അവകാശമില്ല. മൂന്നാം ലോകമഹായുദ്ധമാണോ ലക്ഷ്യമെന്നും ട്രംപ് ചോദിച്ചു. ഇത്രയും കാലം യുക്രൈന് ഫണ്ട് നൽകിയതിന് മുൻ പ്രസിഡന്റ് ജോ ബൈഡനെ വിഡ്ഡിയെന്നും ട്രംപ് വിശേഷിപ്പിച്ചു. പിന്നാലെ നേതാക്കളുടെ സംയുക്ത വാർത്താ സമ്മേളനം റദ്ദാക്കി.