വായ്പയെടുത്ത ബാങ്കില്‍ നിന്നും കടം വാങ്ങിയ ബന്ധുവില്‍ നിന്നും വലിയ സമ്മര്‍ദ്ദമുണ്ടായെന്ന് വെളിപ്പെടുത്തി അഫാന്റെ പിതാവ്

മുന്നോട്ടുള്ള ജീവിതത്തെ കുറിച്ച് ഓര്‍ത്ത് വിതുമ്പി തിരുവനന്തപുരം വെഞ്ഞാറാമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന്റെ പിതാവ് അബ്ദുല്‍ റഹിം. വായ്പയെടുത്ത ബാങ്കില്‍ നിന്നും കടം വാങ്ങിയ ബന്ധുവില്‍ നിന്നും കുടുംബത്തിന് വലിയ സമ്മര്‍ദ്ദമുണ്ടായെന്ന് വെളിപ്പെടുത്തി അഫാന്റെ പിതാവ് അബ്ദുല്‍ റഹീം. വീട് ജപ്തി ചെയ്യാന്‍ തടസ്സമില്ലെന്ന് വെഞ്ഞാറാമൂട് സെന്‍ട്രല്‍ ബാങ്കിലെ അസിസ്റ്റന്റ് മാനേജര്‍ എഴുതി വാങ്ങിയെന്ന് അബ്ദുല്‍ റഹീം പറഞ്ഞു. വീട് വിറ്റ് കടം വീട്ടുന്ന കാര്യം അഫാനുമായി ദിവസങ്ങള്‍ക്ക് മുമ്പ് സംസാരിച്ചിരുന്നെന്നും അബ്ദുല്‍ റഹീം പറഞ്ഞു.
അഫാനോട് പൊരുത്തപ്പെടാന്‍ സാധിക്കില്ലെന്നും അബ്ദുല്‍ റഹീം. ആശുപത്രിവാസം കഴിഞ്ഞാല്‍ ഭാര്യ ഷെമിയുമായി പേരുമലയിലെ വീട്ടിലേക്ക് പോകുന്നത് ഓര്‍ക്കാന്‍ വയ്യ. മകന്‍ അഫാന്‍ ഇതെല്ലാം ചെയ്‌തെന്ന് ഇനിയും വിശ്വസിച്ചിട്ടില്ല ഭാര്യ ഷെമി. അഫാനെ കാണാന്‍ ആ വാപ്പ ഇതുവരെ ശ്രമിച്ചിട്ടില്ല. എല്ലാം നഷ്ടപ്പെടുത്തിയത് അവനാണ്. അത് മനസിലുണ്ട്. ഒരിക്കലും പൊരുത്തപ്പെടാനും കഴിയില്ല. നിയമമനുസരിച്ച് മുന്നോട്ട് പോകട്ടെ – ഇടറിക്കൊണ്ട് പിതാവ് പറഞ്ഞു.
എല്ലാ കാര്യങ്ങളും ഷെമിയോട് പറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. കുഞ്ഞു മകന്റെ കാര്യമാണ് ആദ്യം പറഞ്ഞത്. പിന്നീട് ഡോക്ടര്‍മാര് പറഞ്ഞത് അനുസരിച്ച് എല്ലാ കാര്യങ്ങളും ഘട്ടം ഘട്ടമായി പറഞ്ഞിട്ടുണ്ട്. കരച്ചില് മാത്രമേയുള്ളു. വിങ്ങിക്കരയുന്നുണ്ട്. അഫാനാണ് ഇതൊക്കെ ചെയ്തതെന്നും പറഞ്ഞു. അവന്‍ അങ്ങനെ ചെയ്യില്ലെന്നാണ് പറഞ്ഞത് – അദ്ദേഹം വ്യക്തമാക്കി.
സന്തോഷം നിറഞ്ഞ ജീവിതമായിരുന്നു തങ്ങളുടേതെന്നും കൊവിഡിന് ശേഷമാണ് തനിക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ബിസിനസില്‍ നഷ്ടമുണ്ടാവുകയായിരുന്നുവെന്നും എങ്കിലും ചിലവിനുള്ള പണം വീട്ടിലേക്ക് അയച്ചു കൊടുക്കമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. വെഞ്ഞാറമൂട് സെന്‍ട്രല്‍ ബാങ്കിലെ ഒരു അസിസ്റ്റന്റ് മാനേജര്‍ തന്റെ കുടുംബത്തെ നിരന്തരം പണത്തിന്റെ പേരില്‍ ബുദ്ധിമുട്ടിച്ചിരുന്നെന്ന് റഹിം പറയുന്നു. ജപ്തി ചെയ്യാന്‍ തടസമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ഒരു പേപ്പര്‍ ഒപ്പിട്ടു വാങ്ങിയിരുന്നുവെന്ന് ഷെമി തന്നോട് പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
വെഞ്ഞാറമൂട് സെന്‍ട്രല്‍ ബാങ്കില്‍ നിന്ന് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 15 ലക്ഷം രൂപ ഹൗസിങ് ലോണ്‍ എടുത്തിട്ടുണ്ടായിരുന്നു. അത് അടച്ചിരുന്നു. പിന്നീട് അതില്‍ കുറച്ച് പണം മിച്ചം വിരികയും ബാധ്യത കൂടിക്കൂടി വരികയുമായിരുന്നു. തട്ടത്തുമലയിലെ ബന്ധുവിന്റെ കൈയില്‍ നിന്ന് നാല് ലക്ഷം രൂപ വാങ്ങുകയും കുറച്ച് സ്വര്‍ണവും പണയം വച്ചിട്ടുണ്ടെന്നുമാണ് എന്നോട് പറഞ്ഞത്. ഈ രണ്ട് കടം മാത്രമേ എനിക്ക് അറിയാവുന്നതായുള്ളു. ഇത്രയും കടം എങ്ങനെ വന്നുവെന്ന് അറിയില്ല. ബാങ്കിലെ അസിസ്റ്റന്റ് മാനേജര്‍ നിരന്തരം വിളിച്ച് ശല്യം ചെയ്തിരുന്നു എന്നാണ് പറഞ്ഞത്. അദ്ദേഹം എന്നോടും വളരെ രൂക്ഷമായാണ് സംസാരിച്ചത്. ഞാന്‍ പറഞ്ഞിട്ടാണോ എല്ലാവരെയും കൊന്നത് എന്നദ്ദേഹം ചോദിച്ചു. നിങ്ങള്‍നിമിത്തമാണ് എന്റെ കുടുംബം നശിച്ചതെന്ന് ഞാനും പറഞ്ഞു – അദ്ദേഹം വ്യക്തമാക്കി. 40 ലക്ഷം രൂപ എങ്ങനെ കടം വന്ന കാര്യം ഇതുവരെയും തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു
സംഭവത്തിന് ഒരാഴ്ച മുന്‍പാണ് അഫാന്‍ തന്നോട് സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു. പേരുമലയിലെ വീട് വില്‍ക്കുന്ന കാര്യമുള്‍പ്പടെയാണ് സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു. പണ്ടത്തെ പോലെ വരുമാനമില്ലെന്നും അതിനനുസരിച്ച് ജീവിക്കണമെന്നും താന്‍ ഭാര്യയോടും മകനോടും പറഞ്ഞിട്ടുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വണ്ടി രണ്ടര ലക്ഷം രൂപയ്ക്കാണ് വിറ്റതെന്നാണ് പറഞ്ഞതെന്നും നാല് ലക്ഷം രൂപയ്ക്കാണ് വിറ്റതെന്ന് ഇപ്പോഴാണ് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു. മകന്‍ വഴിതെറ്റിപ്പോകുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.