ഇന്ത്യന്‍ പൗരയായ അമ്മയില്ലാതെ പാക് ബാലിക സ്വദേശത്തേക്ക് മടങ്ങി; ഹൃദയം നുറുങ്ങുന്നുവെന്ന് പതിനൊന്നുകാരി

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനിലേക്ക് മടങ്ങണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം അട്ടാരി-വാഗ അതിര്‍ത്തിയിലൂടെ മടങ്ങിയത് നൂറുകണക്കിന് പാകിസ്താനികള്‍. അതിവൈകാരിക രംഗങ്ങള്‍ക്കാണ് അതിര്‍ത്തി സാക്ഷ്യം വഹിച്ചത്. അമ്മയെ നഷ്ടമാകുന്ന പതിനൊന്നുകാരി മുതല്‍ ഭീകരാക്രമണത്തെ അപലപിക്കുന്ന പാകിസ്താനികളും ഇതില്‍ ഉള്‍പ്പെടും.
പാകിസ്താന് പൗരയായ പതിനൊന്നുകാരി സൈനബ് അമ്മയെ ഇന്ത്യയില്‍ വിട്ടാണ് പാകിസ്താനിലേക്ക് തിരിച്ചത്. അമ്മയെ വിട്ടു പോകുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും തന്റെ ഹൃദയം തകരുകയാണെന്നുമാണ് സൈനബ് മാധ്യമങ്ങളോട് പ്രതികരിച്ചത്. അമ്മയെ ഇന്ത്യയില്‍ വിട്ട് പാകിസ്താനിലേക്ക് മടങ്ങേണ്ടി ഒട്ടേറെ പേര് വേറെയുമുണ്ട്. ‘എന്റെ അമ്മ ഇന്ത്യന്‍ പൗരയാണ്. അവര്‍ക്ക് ഞങ്ങളുടെ കൂടെ പാകിസ്താനിലേക്ക് വരാന്‍ സാധിക്കില്ല. 1991ലാണ് എന്റെ മാതാപിതാക്കള്‍ വിവാഹിതരായത്’. മറ്റൊരു പാക് പൗര സരിത പറയുന്നു.സരിതയും പിതാവും സഹോദരനും പാകിസ്താന് പൗരന്മാരാണ്. അമ്മ പ്രിയ കാന്‍വര്‍ ഇന്ത്യക്കാരിയും.
തന്നെപ്പോലുള്ള നിരപരാധികളായ പാക് പൗരന്മാരുടെ ദുരവസ്ഥയെ കുറിച്ച് ഗുര്‍ബാക്സ് സിങ്ങും ദുഃഖം പങ്കുവച്ചു. ‘എന്റെ കസിന്‍സുള്‍പ്പെടെയുള്ള പകുതി കുടുംബാംഗങ്ങളും താമസിക്കുന്നത് ഇന്ത്യയിലാണ്. പഹല്‍ഗാമില്‍ നടന്നത് തീര്‍ത്തും അപലപനീയമാണ്. തീവ്രവാദികള്‍ മനുഷ്യത്വത്തെയാണ് കൊന്നത്. എന്നാല്‍ ആരാണ് ഈ ഭാരം വഹിക്കേണ്ടതെന്ന് നോക്കൂ. ചികിത്സാര്‍ത്ഥം ഇന്ത്യയിലെത്തിയ അനേകം പാകിസ്താനികളുണ്ട്. അവരെല്ലാം തിരിച്ചു പോകാനുള്ള തിരക്കിലാണ്’, അദ്ദേഹം പറഞ്ഞു.
അതേസമയം 12 വിഭാഗങ്ങളിലായുള്ള വിസ കയ്യിലുള്ളവരാണ് ഇന്ന് ഇന്ത്യ വിട്ടത്. പ്രവേശന വിസയുള്ളവര്‍, വ്യാപാരികള്‍, സിനിമാ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, കോണ്‍ഫറന്‍സിന് എത്തിച്ചേര്ന്നവര്, വിദ്യാര്‍ത്ഥികള്‍, സന്ദര്‍ശകര്‍, ടൂറിസ്റ്റുകള്‍, തീര്‍ത്ഥാടകര്‍ തുടങ്ങിയ വിഭാഗങ്ങളിലുള്ളവരാണ് ഇന്ത്യ വിട്ടത്. സാര്‍ക് വിസയുള്ളവരോട് ഇന്നലെയും മറ്റുള്ളവരോട് ഇന്നും പുറപ്പെടാനായിരുന്നു കേന്ദ്രത്തിന്റെ നിര്‍ദേശം. മെഡിക്കല്‍ വിസയുള്ളവര്‍ക്ക് 29 വരെ തുടരാം.
ഇനിയും ഇന്ത്യയില്‍ തുടരുന്നവര്‍ക്കെതിരേ പുതിയ ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്സ് ആക്ട്, 2025 പ്രകാരം നടപടിയെടുക്കുമെന്നാണ് കേന്ദ്രത്തിന്റെ അറിയിപ്പ്. 272 പാകിസ്താനികളാണ് ഇന്ന് അതിര്‍ത്തി കടന്നത്. 629 ഇന്ത്യക്കാരും 13 നയതന്ത്രജ്ഞരും പാകിസ്താനില്‍ നിന്നും ഇന്ത്യയിലെത്തി.