ചേതനയറ്റ നിലയിൽ കല്യാണിയെ കണ്ടെത്തി; കുഞ്ഞിനെ പുഴയിൽ എറിഞ്ഞതെന്ന് സമ്മതിച്ച് അമ്മ, അറസ്റ്റ് ഉടൻ

ആലുവ തിരുവാങ്കുളത്ത് കാണാതായ മൂന്ന് വയസുകാരി കല്യാണിയുടെ മൃതദേഹം കണ്ടത്തി. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് മുങ്ങൽ വിദഗ്ധർ ചാലക്കുടി പുഴയിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അങ്കണവാടിയിൽ നിന്ന് അമ്മ വിളിച്ചു കൊണ്ടുവരുന്നതിനിടെ കാണാതായ കല്യാണിയുടെ മൃതദേഹമാണ് ലഭിച്ചത്.
കല്യാണിയെ അമ്മ സന്ധ്യ പുഴയിൽ എറിഞ്ഞു കൊന്നുവെന്നാണ് സ്ഥിരീകരണം. അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തും. സന്ധ്യ നിലവിൽ ചെങ്ങമനാട് പോലീസിന്റെ കസ്റ്റഡിയിലാണ്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കുഞ്ഞിനെ പുഴയിൽ എറിയാനുള്ള സാഹചര്യം പോലീസ് പരിശോധിക്കുകയാണ്
സന്ധ്യയും ഭർത്താവിന്റെ കുടുംബവും തമ്മിലുള്ള പ്രശ്‌നങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് കല്യാണിയുടെ മൃതദേഹം കണ്ടെത്തിയത്. അങ്കണവാടിയിൽ നിന്ന് വരുന്നതിനിടെ കുട്ടിയെ കാണാതായി എന്നായിരുന്നു സന്ധ്യ ആദ്യം മൊഴി നൽകിയത്. പിന്നീടുള്ള ചോദ്യം ചെയ്യലിൽ കുഞ്ഞിനെ താൻ മൂഴിക്കുളം പാലത്തിൽ നിന്ന് പുഴയിലേക്ക് എറിഞ്ഞതാണെന്ന് ഇവർ സമ്മതിച്ചു
സന്ധ്യക്ക് മാനസികപ്രശ്‌നങ്ങളുണ്ടെന്നാണ് ബന്ധുക്കൾ പോലീസിനോട് പറഞ്ഞത്. പോലീസ് ഇത് മുഖവിലക്കെടുത്തിട്ടില്ല. സന്ധ്യയുടെ വീട്ടുകാരെ അടക്കം വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം.