National

ചാരവൃത്തിക്ക് അറസ്റ്റിലായ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്ര പാക് എംബസിയിൽ കേക്ക് മുറിച്ചയാൾക്കൊപ്പം: വൈറലായി ചിത്രങ്ങൾ

പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ കേസിൽ അറസ്റ്റിലായ ജ്യോതി മല്‍ഹോത്രയുടെ പുതിയ ചിത്രങ്ങൾ പുറത്തുവന്നു. പാകിസ്താന്‍ ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനുമായി ജ്യോതി ബന്ധപ്പെട്ടിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷം ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷന്‍ ഓഫീസിലേക്ക് കേക്കുമായി പോയ ഉദ്യോഗസ്ഥനുമൊത്തുള്ള ജ്യോതിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു.

ഈ വര്‍ഷം ഏപ്രിലില്‍ പോസ്റ്റ് ചെയ്ത ജ്യോതിയുടെ ഒരു വീഡിയോയിലാണ് പാക് ഹൈക്കമ്മീഷനിലെ ഈ ജീവനക്കാരന്‍ പ്രത്യക്ഷപ്പെട്ടത്. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ ന്യൂഡൽഹിയിലെ പാകിസ്താൻ ഹൈ കമ്മീഷനിൽ കേക്കുമായി പോയ ആൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്.

പഹൽ​ഗാം ആക്രമണം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ഇയാൾ കേക്കുമായി ഹൈകമ്മീഷനിലേക്ക് കയറി പോയത്. എന്ത് ആഘോഷത്തിനാണെന്ന് മാദ്ധ്യമങ്ങൾ ചോദിച്ചിരുന്നെങ്കിലും ഇയാൾ പ്രതിക്കരിക്കാതെ കേക്കുമായി പോവുകയായിരുന്നു. ജ്യോതി മൽഹോത്ര അവരുടെ യുട്യൂബിൽ പങ്കുവച്ച വീഡിയോയിലാണ് ഇയാൾക്കൊപ്പം നിൽക്കുന്ന ദൃശ്യങ്ങളുമുള്ളത്.

പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ കേസില്‍ അറസ്റ്റിലായവരില്‍ പ്രധാനിയായിരുന്നു ഹരിയാന സ്വദേശിയായ യൂട്യൂബര്‍ . പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥന്‍ മുഖേന പാക് ചാരസംഘടനയില്‍പ്പെട്ടവര്‍ക്ക് ജ്യോതി പല വിവരങ്ങളും കൈമാറിയതായെന്നും അവരുമായി അടുത്ത ബന്ധം പുലര്‍ത്തിയെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. ഇവരെ അഞ്ചു ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

2023-ല്‍ പാകിസ്താന്‍ സന്ദര്‍ശിച്ച ഒരു സംഘത്തിലെ അംഗമായിരുന്നു താനെന്ന് ചോദ്യംചെയ്യലില്‍ ഇവര്‍ സമ്മതിച്ചിട്ടുണ്ട്. ഈ സന്ദര്‍ശന വേളയില്‍ ജ്യോതി,ഡാനിഷ് എന്നറിയപ്പെടുന്ന അഹ്സാനുർ റഹീം എന്ന വ്യക്തിയെ കണ്ടുമുട്ടിയതായി എഫ്ഐആറില്‍ പറയുന്നു.പിന്നീട്, അഹ്സാന്റെ ഉപദേശപ്രകാരം, പാകിസ്താനിലേക്കുള്ള മറ്റൊരു സന്ദര്‍ശനവേളയില്‍, അലി അഹ്സന്‍ എന്നയാളെ കണ്ടുമുട്ടി.

ഇയാളാണ് പാകിസ്താന്‍ ഇന്റലിജന്‍സിനും സുരക്ഷാ സേവനങ്ങളുമായി ബന്ധപ്പെട്ട അംഗങ്ങള്‍ക്കും ജ്യോതിയെ പരിചയപ്പെടുത്തിയത്. ഈ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ജ്യോതി, പാകിസ്താനുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് രാജ്യത്തിന്റെ തന്ത്രപ്രധാനമായ വിവരങ്ങള്‍ നല്‍കാന്‍ തുടങ്ങിയതെന്നും പൊലീസ് പറയുന്നു.

Related Articles

Back to top button
error: Content is protected !!