വിവാഹ മോചന കേസിൽ മുഹമ്മദ് ഷമിക്ക് തിരിച്ചടി; മുൻ ഭാര്യക്കും മകൾക്കും പ്രതിമാസം 4 ലക്ഷം രൂപ നൽകണം

മുൻ ഭാര്യ ഹസിൻ ജഹാനെതിരായ വിവാഹ മോചന കേസിൽ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് തിരിച്ചടി. ഹസിൻ ജഹാനും മകൾക്കുമായി മുഹമ്മദ് ഷമി പ്രതിമാസം 4 ലക്ഷം രൂപ വീതം ജീവനാംശം നൽകണമെന്ന് കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. ഇതിൽ ഒന്നര ലക്ഷം ഹസിനും രണ്ടര ലക്ഷം മകൾക്കുമാണ് നൽകേണ്ടത്
നേരത്തെ ഹസിനും മകൾക്കുമായി 1.3 ലക്ഷം രൂപ പ്രതിമാസം ജീവനാംശം നൽകണമെന്ന് ഹസിൻ നൽകിയ പരാതിയിൽ ആലിപ്പോർ കോടതി വിധിച്ചിരുന്നു. ഇത് കുറവാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹസിൻ ജഹാൻ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്
പ്രതിമാസം 10 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടാണ് ഹസിൻ കോടതിയെ സമീപിച്ചത്. തനിക്ക് 7 ലക്ഷം രൂപയും മകൾക്ക് 3 ലക്ഷം രൂപയും വേണമെന്നായിരുന്നു ആവശ്യം. മുഹമ്മദ് ഷമിക്ക് സാമ്പത്തിക ഭദ്രതയുണ്ടെന്നും ഉയർന്ന തുക ഭാര്യക്കും മകൾക്കും ജീവനാംശമായി നൽകാൻ കെൽപ്പുണ്ടെന്നും ഹസിന്റെ അഭിഭാഷകൻ വാദിച്ചിരുന്നു