മന്ത്രിമാരെ പുറത്താക്കാനുള്ള ബില്ലിനെ പിന്തുണച്ച് തരൂർ; തെറ്റൊന്നും കാണുന്നില്ല

അഞ്ച് വർഷമോ അതിൽ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായി 30 ദിവസം ജയിലിൽ കിടക്കേണ്ടി വരുന്ന മന്ത്രിമാരുടെ പദവി നഷ്ടപ്പെടുന്ന ഭരണഘടനാ ഭേദഗതി ബില്ലിന് അനുകൂല നിലപാട് സ്വീകരിച്ച് എഐസിസി പ്രവർത്തക സമിതി അംഗവും എംപിയുമായ ശശി തരൂർ. പ്രതിപക്ഷം ഒന്നാകെ ബില്ലിനെ എതിർക്കുമ്പോഴാണ് ശശി തരൂർ വീണ്ടും കേന്ദ്രത്തിന് പിന്തുണയുമായി എത്തുന്നത്.
ഓപറേഷൻ സിന്ദൂർ അടക്കമുള്ള നടപടികളിൽ മോദിയെ പ്രശംസിച്ച് രംഗത്തുവന്ന് കോൺഗ്രസിനുള്ളിൽ തന്നെ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നതിനിടെയാണ് തരൂർ വീണ്ടും കേന്ദ്രത്തിന് പിന്തുണ അറിയിച്ച് വരുന്നത്. ബില്ലിൽ താൻ തെറ്റൊന്നും കാണുന്നില്ലെന്നും സഭയിൽ ചർച്ച നടക്കട്ടെയെന്നും തരൂർ പറഞ്ഞു
30 ദിവസം ജയിലിൽ കിടന്നാൽ നിങ്ങൾക്ക് മന്ത്രിയായി തുടരാനാകുമോ. ഇത് സാമാന്യ ബുദ്ധിയുടെ കാര്യമാണ്. എനിക്കിതിൽ തെറ്റൊന്നും കാണാൻ കഴിയുന്നില്ല. പരിശോധനക്കായി ബിൽ ഒരു സമിതിക്ക് അയക്കാവുന്നതാണെന്നും തരൂർ പറഞ്ഞു