ഭാരിച്ച ചുമതലകളൊന്നും തരേണ്ട, ഓഫർ നിരസിച്ച് ശ്രേയസ് അയ്യർ

2025 ലെ ദുലീപ് ട്രോഫിക്ക് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സോണൽ ഇവന്റിലെ നിലവിലെ റണ്ണേഴ്സ് അപ്പായ വെസ്റ്റ് സോൺ, വരാനിരിക്കുന്ന ടൂർണമെന്റിനുള്ള ടീമിന്റെ ക്യാപ്റ്റനായി സ്റ്റാർ ഇന്ത്യൻ ഓൾറൗണ്ടർ ശാർദുൽ താക്കൂറിനെ തിരഞ്ഞെടുത്തു. താക്കൂറിനെ പരമ്പരയിലെ ഫസ്റ്റ് ചോയ്സ് ക്യാപ്റ്റനായി ഒരിക്കലും കരുതിയിരുന്നില്ല. കാരണം സോണൽ സെലക്ടർമാർ സ്റ്റാർ ബാറ്റർ ശ്രേയസ് അയ്യർ ഈ സ്ഥാനം ഏറ്റെടുത്തേക്കുമെന്നാണ് വിചാരിച്ചത്.
റിപ്പോർട്ടുകൾ അനുസരിച്ച്, വെസ്റ്റ് സോൺ ടീമിനെ നയിക്കാൻ സെലക്ഷൻ കമ്മിറ്റി ചെയർമാൻ സഞ്ജയ് പാട്ടീൽ അയ്യർക്ക് ഒരു ഓഫർ നൽകിയിരുന്നു. എന്നാൽ താരം അതിൽ താൽപ്പര്യം കാണിച്ചില്ല. ഇതോടെയാണ് വെസ്റ്റ് സോൺ ശാർദുലിനെ ബന്ധപ്പെടുകയും അദ്ദേഹത്തെ ക്യാപ്റ്റനായി പ്രഖ്യാപിക്കുകയും ചെയ്തത്. അദ്ദേഹം സന്തോഷത്തോടെ അതിന് സമ്മതം പറഞ്ഞു.
“അതെ, വെസ്റ്റ് സോൺ സെലക്ഷൻ കമ്മിറ്റിയിൽ നിന്ന് ടീമിനെ നയിക്കാനുള്ള ഓഫർ അയ്യർ നിരസിച്ചു എന്നത് സത്യമാണ്. തുടർന്ന്, മുംബൈ ചീഫ് സെലക്ടറും കമ്മിറ്റി ചെയർമാനുമായ സഞ്ജയ് പാട്ടീൽ, ടീമിനെ നയിക്കാൻ താക്കൂറിനെ സമീപിച്ചു. ഈ അവസരം താക്കൂർ സന്തോഷത്തോടെ സ്വീകരിച്ചു,” റിപ്പോർട്ടിൽ പറയുന്നു.
2025-ലെ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ശ്രേയസ് അയ്യരെ സെലക്ഷൻ കമ്മിറ്റി അവഗണിച്ചിരുന്നു. ഈ നിരാശ മാറ്റിനിർത്തിയാൽ, യുവ വലംകൈയ്യൻ ബാറ്റർ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് ശ്രദ്ധ തിരിക്കും. കാരണം അദ്ദേഹം വെസ്റ്റ് സോണിന്റെ മധ്യനിരയിൽ നിർണായക പങ്ക് വഹിക്കും. അവരുടെ ടോപ് ഓർഡറിൽ റുതുരാജ് ഗെയ്ക്വാദ്, യശസ്വി ജയ്സ്വാൾ, ഹാർ തുടങ്ങിയ താരങ്ങൾ ഉൾപ്പെടുന്നു.