മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിക്കാരുടെ കൂടാരം; മുഖ്യമന്ത്രിക്ക് ഭീതി: വിഡി സതീശൻ
സംസ്ഥാന സർക്കാർ കൊള്ള സംഘമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അഴിമതിക്കാരുടെ കൂടാരമാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. കേരളത്തിലെ പോലീസ് ഇതുപോലെ ചരിത്രത്തിൽ നാണം കെട്ടിട്ടില്ല. സ്കോട്ട്ലാൻഡ് യാർഡിനെ വെല്ലുന്ന പോലീസ് സംഘത്തെ തകർത്ത് തരിപ്പണമാക്കിയെന്നും സതീശൻ വിമർശിച്ചു
ആരോപണവിധേയരായ എഡിജിപിയെയും പൊളിറ്റിക്കൽ സെക്രട്ടറിയെയും നിലനിർത്തിക്കൊണ്ടുള്ള അന്വേഷണം കേട്ടുകേൾവി ഇല്ലാത്തതാണ്. ഡിജിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എഡിജിപിക്കെതിരെ അന്വേഷിക്കുന്ന മറ്റുള്ളവരെല്ലാം ജൂനിയർ ഉദ്യോഗസ്ഥരാണ്
മുഖ്യമന്ത്രിക്ക് ഇവരെ ഭയമാണ്. അവർ എന്തെങ്കിലും ഭയപ്പെടുത്തുമെന്ന ഭീതിയാണ് മുഖ്യമന്ത്രിക്ക്. ഏതെങ്കിലും കാലത്ത് പോലീസിലെ ഉന്നതരെക്കുറിച്ച് സ്വർണക്കള്ളക്കടത്തും അധോലോകവും ആരോപണമുണ്ടായിട്ടുണ്ടോ. മുഖ്യമന്ത്രിക്കും ഓഫീസിനും സ്വർണത്തോട് എന്താണിത്ര ഭ്രമം. സ്വർണം പൊട്ടിക്കൽ സംഘത്തിനും ഗുണ്ടാ സംഘത്തിനും എഡിജിപി പിന്തുണ കൊടുക്കുന്നു. ജനങ്ങളെ പറ്റിക്കുകയാണ് സർക്കാരെന്നും സതീശൻ പറഞ്ഞു