National

ഷിരൂരില്‍ തിരച്ചില്‍ നിര്‍ണ്ണായകം; കൂടുതല്‍ ലോഹഭാഗങ്ങളും മരത്തടികളും

ബെംഗളൂരു: കര്‍ണ്ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചില്‍ കാണാതായ അര്‍ജുന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായുള്ള തിരച്ചില്‍ ഇന്നും പുരോഗമിക്കുന്നു. ഇന്നത്തെ തിരച്ചിലില്‍ ഗംഗാവലി പുഴയില്‍ നിന്നും ലോഹഭാഗങ്ങള്‍ കണ്ടെത്തി. എഞ്ചിന്റെ റേഡിയേറ്റര്‍ തണുപ്പിക്കുന്ന കൂളര്‍ ഫാന്‍, ഹ്രൈഡ്രോളിക് ജാക്കി എന്നിവയാണ് കണ്ടെത്തിയത്. ഇതിന് പുറമെ ഒരു സ്‌കൂട്ടറിന്റെ ഭാഗവും മറ്റ് വസ്തുക്കളും അര്‍ജുന്റെ ലോറിയില്‍ ഉണ്ടായിരുന്ന കൂടുതല്‍ മരത്തടികളും കണ്ടെത്തിയിട്ടുണ്ട്.

ഈശ്വര്‍ മാല്‍പേ നടത്തിയ ഡൈവിങ്ങിലാണ് മരത്തടികള്‍ കണ്ടെത്തിയത്. കരയ്ക്ക് അടുപ്പിക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണ്. ഇന്നലെ തിരച്ചിലില്‍ കണ്ടെത്തിയ വാഹനത്തിന്റെ ടയറുകളും ക്യാബിന്റെ ഭാഗവും അര്‍ജുന്റെ ലോറിയുടെതല്ലെന്ന് ലോറി ഉടമ മനാഫ് സ്ഥീരികരിച്ചിരുന്നു. കണ്ടെടുത്തത് ഒരു പഴയ ലോറിയുടെ ഭാഗങ്ങളാണെന്നും സ്റ്റിയറിങ് കണ്ടിട്ട് ലോറിയുടേതാവാന്‍ സാധ്യതയില്ലെന്നുമാണ് മനാഫിന്റെ നിഗമനം.

സ്റ്റിയറിംഗ് കണ്ടെത്തി എന്ന് മല്‍പെ പറഞ്ഞ ഭാഗത്തേക്ക് ഡ്രജ്ജര്‍ എത്തിച്ച് നടത്തിയ പരിശോധയിലാണ് ക്യാബിന്റെ ഭാഗം പുറത്തെടുത്തത്. ക്രെയിനില്‍ കെട്ടിയ ഇരുമ്പ് വടം ഉപയോഗിച്ച് ഉയര്‍ത്തുകയായിരുന്നു. 60 ടണ്‍ ഭാരം വരെയാണ് ഡ്രഡ്ജറിന്റെ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്താന്‍ സാധിക്കുക. നാവികസേന നിര്‍ദ്ദേശിച്ച മൂന്ന് പോയിന്റുകളില്‍ സിപി4 എന്ന് രേഖപ്പെടുത്തിയ ഭാഗത്ത് നിന്ന് ഏകദേശം 30 മീറ്റര്‍ മാറിയാണ് ലോറിയുടെ സ്ഥാനമെന്നാണ് മല്‍പെ പറഞ്ഞത്. തലകീഴായി മറിഞ്ഞ നിലയിലാണ് ലോറിയുള്ളതെന്നും മല്‍പെ അറിയിച്ചിരുന്നു.

Related Articles

Back to top button