ശക്തമായ തീരുമാനമാണ് എടുത്തത്; പാർട്ടി തീരുമാനം എല്ലാവർക്കും ബാധകമാണെന്ന് ഷാഫി പറമ്പിൽ

ലൈംഗികാരോപണങ്ങളെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ. കെപിസിസി എടുത്ത പാർട്ടി തീരുമാനം എല്ലാവർക്കും ബാധകമാണ്. ശക്തമായ തീരുമാനമാണ് പാർട്ടി എടുത്തതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
പാർട്ടി പ്രസിഡന്റ് പത്ര സമ്മേളനം നടത്തി തീരുമാനം ജനങ്ങളെ അറിയിച്ചുകഴിഞ്ഞു. കെപിസിസി പ്രസിഡന്റ് പറഞ്ഞതിനപ്പുറത്ത് ഒന്നും പറയാനില്ല. കേരളത്തിലെ ഓരോ കോൺഗ്രസ് നേതാവിനും അത് ബാധകമാണ്. പ്രസിഡന്റ് പറഞ്ഞതിന് മേലെ ഒന്നും പറയാനില്ലെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.
കോൺഗ്രസ് പാർട്ടിയെടുത്ത തീരുമാനം ഐക്യകണ്‌ഠേനയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചു. രാഹുലിനെതിരെയുള്ള ആരോപണങ്ങളെ പാർട്ടി ഗൗരവകരമായാണ് കാണുന്നത്. ആരോപണങ്ങൾ വന്ന ഘട്ടത്തിൽ തന്നെ പരിശോധിച്ചിരുന്നു. രാഹുൽ യൂത്ത് കോൺഗസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത് മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.