പ്രണയാഭ്യർഥന നിരസിച്ച വിദ്യാർഥിനിയെ തീവണ്ടിക്ക് മുന്നിൽ തള്ളിയിട്ട് കൊന്നു; പ്രതിക്ക് വധശിക്ഷ
പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ വിദ്യാർഥിനിയെ റെയിൽവേ സ്റ്റേഷനിൽ വെച്ച് ട്രെയിന് മുന്നിൽ തള്ളിയിട്ട് കൊന്ന കേസിൽ പ്രതിക്ക് വധശിക്ഷ. 2022 ഒക്ടോബർ 13ന് ചെന്നൈ സെന്റ് തോമസ് റെയിൽവേ സ്‌റ്റേഷനിൽ വെച്ചാണ് മൂന്നാം വർഷ ബികോം വിദ്യാർഥിനി ആയിരുന്ന സത്യയെ തീവണ്ടിക്ക് മുന്നിൽ തള്ളിയിട്ട് കൊന്നത്.
കേസിലെ പ്രതി സതീഷിനെയാണ് കോടതി വധശിക്ഷക്ക് വിധിച്ചത്. സിബിസിഐഡി സമർപ്പിച്ച കുറ്റപത്രത്തിൽ സതീഷ് കുറ്റവാളിയാണെന്ന് വ്യക്തമാക്കിയിരുന്നു. പ്രതി മൂന്ന് വർഷത്തെ കഠിനതടവും അനുഭവിക്കണം. 35,000 രൂപ പിഴയും ശിക്ഷയായി വിധിച്ചിട്ടുണ്ട്. ഇരയുടെ ഇളയ സഹോദരിമാർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കോടതി നിർദേശിച്ചു.
സത്യയുടെ സുഹൃത്തുക്കൾ അടക്കം 70ലധികം സാക്ഷികളുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ചെന്നൈ താംബരത്തുള്ള കോളേജിലെ വിദ്യാർഥിനിയായിരുന്നു സത്യ. മകളുടെ മരണവാർത്ത അറിഞ്ഞതിന് പിന്നാലെ പിതാവ് മാണിക്കം ജീവനൊടുക്കിയിരുന്നു.