
അബുദാബി: അബുദാബിയിലെ റോഡ് ടോൾ സംവിധാനമായ ‘ദർബ്’ ടോൾ ഗേറ്റുകളിൽ പുതിയ നിയമങ്ങളും നിരക്കുകളും നാളെ (സെപ്റ്റംബർ 1) മുതൽ പ്രാബല്യത്തിൽ വരും. ടോൾ ഈടാക്കുന്ന സമയത്തിൽ മാറ്റം വരുത്തിയതിന് പുറമെ, വാഹനങ്ങൾക്കുള്ള പ്രതിദിന, പ്രതിമാസ ടോൾ പരിധികൾ പൂർണ്ണമായും എടുത്തുകളഞ്ഞതാണ് പുതിയ മാറ്റങ്ങളിലെ ഏറ്റവും പ്രധാനം.
പുതിയ നിയമങ്ങൾ പ്രകാരം, തിങ്കൾ മുതൽ ശനി വരെ രാവിലെ 7 മണി മുതൽ 9 മണി വരെയും വൈകുന്നേരം 3 മണി മുതൽ 7 മണി വരെയുമാണ് ടോൾ ഈടാക്കുക. നിലവിൽ വൈകുന്നേരം 5 മണി മുതൽ 7 മണി വരെയായിരുന്ന സമയമാണ് 3 മണിയിലേക്ക് നീട്ടിയത്. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും ടോൾ സൗജന്യമായിരിക്കും.
കൂടാതെ, ഓരോ തവണയും ടോൾ ഗേറ്റിലൂടെ കടന്നുപോകുമ്പോൾ ഈടാക്കുന്ന 4 ദിർഹം നിരക്ക് തുടരും. എന്നാൽ, ഒരു ദിവസം പരമാവധി 16 ദിർഹം, അല്ലെങ്കിൽ മാസം 200 ദിർഹം എന്നുണ്ടായിരുന്ന പരിധി ഇനി മുതൽ ഉണ്ടായിരിക്കില്ല. ഇത് പതിവായി ടോൾ ഗേറ്റുകൾ ഉപയോഗിക്കുന്നവർക്ക് കൂടുതൽ സാമ്പത്തിക ബാധ്യത വരുത്തിയേക്കാം.
ഈ മാറ്റങ്ങൾ നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണെന്ന് അധികൃതർ അറിയിച്ചു. മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, വരുമാനം കുറഞ്ഞ കുടുംബങ്ങൾ എന്നിവർക്ക് നിലവിലുള്ള ടോൾ ഇളവുകൾ തുടരും.