National

തനിക്കുള്ള ഗുരുതര രോഗത്തെക്കുറിച്ച് കൂടുതലായി വെളിപ്പെടുത്തി നടി ആലിയ ഭട്ട്

മുംബൈ: മുന്‍പൊരിക്കല്‍ തനിക്ക് എഡിഎച്ച്ഡി (അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപര്‍ആക്ടിവിറ്റി ഡിസോര്‍ഡര്‍) രോഗാവസ്ഥയുണ്ടെന്ന് വെളിപ്പെടുത്തിയ ബോളിവുഡിന്റെ ഹിറ്റ് താരം ആലിയ ഭട്ട് ഇപ്പോള്‍ തന്റെ അവസ്ഥയെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തുന്നു. ചെറുപ്പം മുതല്‍ തന്നെ സംസാരിക്കുമ്പോഴും ക്ലാസില്‍ ഇരിക്കുമ്പോഴും ചിലപ്പോള്‍ സോണ്‍ ഔട്ട് ആയിപ്പോവാറുണ്ടായിരുന്നു. ഈയടുത്ത് ഒരു സൈക്കോളജിക്കല്‍ ടെസ്റ്റ് നടത്തിയിരുന്നു. അപ്പോഴാണ് തന്റെ രോഗാവസ്ഥയെ കുറിച്ച് തനിക്ക് കൂടുതലായി മനസിലായതെന്നും തന്റെ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ലല്ലന്‍ ടോപ്പിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.

ഒരു കാര്യത്തിലും ശ്രദ്ധപതിപ്പിക്കാന്‍ സാധിക്കാതിരിക്കുക അല്ലെങ്കില്‍ അശ്രദ്ധ, എടുത്തുചാട്ടം, അടങ്ങിയിരിക്കാന്‍ സാധിക്കാതിരിക്കുക എന്നിവയാണ് ഈ രോഗത്തിന്റെ സൂചനകള്‍. സുഹൃത്തുക്കളോട് ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ അതൊരു പുതിയ അറിവല്ലെന്ന രീതിയിലാണ് അവര്‍ പ്രതികരിച്ചത്. എന്നാല്‍, ടെസ്റ്റ് കഴിയുന്നതുവരെ ഇങ്ങനെതൊരു രോഗാവസ്ഥ ഉണ്ടെന്ന് തനിക്ക് ഒരു ധാരണയുമുണ്ടായിരുന്നില്ലെന്നും താരം പറയുന്നു.

ക്യാമറക്ക് മുമ്പില്‍ വരുമ്പോഴാണ് തനിക്ക് ഏറ്റവും കൂടുതല്‍ സമാധാനം കിട്ടുന്നത്. കഥാപാത്രമായി പൂര്‍ണമായും മാറാനും സാധിക്കാറുണ്ട്. അതുപോലെ തന്നെ തന്നെയാണ് മകള്‍ രാഹയ്ക്കൊപ്പമുള്ള സമയവും. രാഹ വന്നതിന് ശേഷം, അവള്‍ക്കൊപ്പമുള്ള സമയമാണ് ഏറ്റവും കൂടുതല്‍ തനിക്ക് സന്തോഷം നല്‍കുന്നത്. അവളോടൊപ്പം സമയം ചെലവഴിക്കുമ്പോഴാണ് താന്‍ ഏറ്റവും കൂടുതല്‍ ഉന്മേഷവതിയാവുന്നത്. ഈയൊരു രോഗാവസ്ഥ കാരണമാണ് ക്യാമറക്ക് മുമ്പില്‍ താനിക്കിത്രയും ശാന്തയായി നില്‍ക്കാനാവുന്നതെന്നും നടി വിശദീകരിച്ചു.

തന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സുഖവും സമാധാനവും കൊണ്ടുവന്നത് അഭിനയവും ഒപ്പം ജീവിതത്തില്‍ വഹിക്കുന്ന അമ്മയുടേതായ റോളുമാണ്. തന്റെ ജീവിതത്തിലെ സംതൃപ്തിക്കും സന്തോഷത്തിനും സമാധാനത്തിനും ഈ രണ്ട് ഘടകങ്ങളും വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതിനോട് താന്‍ ഏറെ കടപ്പെട്ടിരിക്കുന്നുവെന്നും ആലിയ ഭട്ട് അഭിമുഖത്തില്‍ എടുത്തുപറയുന്നുണ്ട്.

മലയാളികളുടെ പ്രിയതാരങ്ങളായ ഫഹദ് ഫാസിലും ഷൈന്‍ ടോം ചാക്കോയും തനിക്ക് എഡിഎച്ച്ഡി രോഗമാണെന്ന് വെളിപ്പെടുത്തിയിരുന്നു. തന്റെ 41ാം വയസിലാണ് ഈ രോഗം കണ്ടെത്തിയതെന്നാണ് ഫഹദ് പറഞ്ഞത്. കുട്ടിക്കാലത്ത് ഈ രോഗം കണ്ടെത്തിയിരുന്നെങ്കില്‍ ചികിത്സിച്ച് മാറ്റാന്‍ കഴിയുമായിരുന്നു. എന്നാല്‍, ഇനി അതിന് സാധ്യതയില്ലെന്നുമായിരുന്നു ഫഹദ് പറഞ്ഞത്. ഫഹദിന്റെ വാക്കുകള്‍ പിന്നീട് വൈറലായി മാറിയിരുന്നു.

Related Articles

Back to top button