മലയാളി സൈനികനെ കണ്ടെത്താൻ സഹായിച്ചത് എടിഎം ഇടപാടിന്റെ വിവരങ്ങൾ; വിഷ്ണുവിനെ നാട്ടിലെത്തിച്ചു
കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ കണ്ടെത്തുന്നതിന് സഹായിച്ചത് എടിഎം ഇടപാടെന്ന് പോലീസ്. എടിഎം ഇടപാടിന്റെ വിവരങ്ങൾ ലഭിച്ചതിലൂടെയാണ് വിഷ്ണുവിനെ കണ്ടെത്തിയതെന്ന് സിഐ അജീഷ് കുമാർ പറഞ്ഞു. ഇന്നലെ ശമ്പളം വന്നതിന് പിന്നാലെ ബംഗളൂരുവിലെ എടിഎമ്മിൽ നിന്ന് വിഷ്ണു പണം പിൻവലിച്ചിരുന്നു
വിഷ്ണുവിനെ കണ്ടെത്താനായി ആയിരത്തിലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെന്നും സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് വിഷ്ണു മാറി നിൽക്കാൻ കാരണമെന്നും പോലീസ് അറിയിച്ചു. ഇന്നലെ രാത്രി ബംഗളൂരുവിൽ നിന്നാണ് വിഷ്ണുവിനെ എലത്തൂർ പോലീസ് കണ്ടെത്തിയത്
ഇന്ന് വിഷ്ണുവിനെ തിരികെ നാട്ടിലെത്തിച്ചു. നാട്ടിൽ നടന്നിരുന്ന കാര്യങ്ങൾ അറിഞ്ഞിരുന്നില്ലെന്നും പോലീസിനെ അടക്കം ബുദ്ധിമുട്ടിച്ചതിൽ പ്രയാസമുണ്ടെന്നും വിഷ്ണു പറഞ്ഞു. കഴിഞ്ഞ മാസം 17ന് പൂനെയിലെ ആർമി സ്‌പോർട്‌സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അവധിക്ക് നാട്ടിലേക്ക് വന്ന വിഷ്ണുവിനെ കാണാതാകുകയായിരുന്നു.