ഹിമാചലിൽ വിനോദസഞ്ചാരികളുമായി പോയ ബസ് മറിഞ്ഞു; 31 പേർക്ക് പരിക്ക്

മണ്ഡി: ഹിമാചൽ പ്രദേശിൽ വിനോദസഞ്ചാരികൾ യാത്ര ചെയ്തിരുന്ന ബസ് തലകീഴായി മറിഞ്ഞ് അപകടം. 31 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ആറ് പേർ ഗുരുതരാവസ്ഥയിലാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പുലർച്ചെ നാല് മണിയോടെ ചണ്ഡീഗഡ് – മണാലി ദേശീയ പാതയ്ക്ക് സമീപമാണ് ബസ് മറിഞ്ഞത്. കസോളിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്.
കുളുവിലെ പാർവതി വാലിയിൽ ഉള്ള കസോളിലേക്ക് യാത്ര പോവുകയായിരുന്നു സംഘം. ബസിൽ ആകെ 31 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ബസിൽ ഉണ്ടായിരുന്ന എല്ലാവർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ആറ് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മണ്ഡിയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി എഎസ്പി മന്ദിർ സാഗർ ചന്ദർ അറിയിച്ചു.
https://x.com/ani_digital/status/1911270676180140049
അമിതവേഗമാണ് അപകട കാരണമെന്ന് പോലീസും ജില്ലാ ഭരണകൂടവും വ്യക്തമാക്കി. ഉത്തരേന്ത്യയിൽ നിന്നുള്ള സംഘമാണ് ബസിൽ ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ വേണ്ടി വന്നാൽ മറ്റ് ആശുപത്രികളിലേക്ക് മാറ്റുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളും എന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.