ദ്വിദിന സന്ദർശനത്തിനായി ചീഫ് ജസ്റ്റിസ് നാളെ കേരളത്തിൽ; ഹൈക്കോടതിയിലും കുമരകത്തും പരിപാടികൾ
രണ്ട് ദിവസത്തെ സന്ദർശനത്തിനായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നാളെ കേരളത്തിലെത്തും. ഹൈക്കോടതിയിൽ നടക്കുന്ന ചടങ്ങിലും, കുമരകത്ത് കോമൺ വെൽത്ത് ലീഗൽ എഡ്യൂക്കേഷൻ അസോസിയേഷൻ സംഘടിപ്പിക്കുന്ന പരിപാടിയിലും ചീഫ് ജസ്റ്റിസ് സംബന്ധിക്കും.
കേരള ഹൈക്കോടതിയിൽ പുതുതായി തയ്യാറാക്കിയ ഡിജിറ്റൽ ലൈബ്രറി, ഗവേഷണ കേന്ദ്രം, വിവിധ ഡിജിറ്റൽ കോടതികൾ തുടങ്ങിയവയുടെ ഉദ്ഘാടനം ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നിർവഹിക്കും. ഹൈക്കോടതിയിൽ നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും. ഇതാദ്യമായാണ് ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയും ഒരു വേദിയിലെത്തുന്നത്.
ഏഴു വർഷത്തിന് ശേഷമാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കേരള ഹൈക്കോടതിയിലെത്തുന്നത്. ചീഫ് ജസ്റ്റിസ് ആയിരുന്ന ദീപക് മിശ്രയാണ് ഇതിനു മുമ്പ് കേരള ഹൈക്കോടതിയിൽ എത്തിയിട്ടുള്ളത്. ഹൈക്കോടതി സുവർണ ജൂബിലി പരിപാടിയിൽ പങ്കെടുക്കാനാണ് ജസ്റ്റിസ് ദീപക് മിശ്ര എത്തിയത്.