ബംഗളൂരു: 1987ല്‍ കര്‍ണാടകയിലെ ബംഗളൂരുവില്‍ ജനിക്കുകയും പിന്നീട് കേരളത്തിന്റെ മരുമകളായി മാറുകയും ചെയ്ത ദിവ്യ ഗോകുല്‍നാഥിനാണ് 4,550 കോടി രൂപയുള്ള തന്റെ ആസ്തി കണ്ണടച്ചുതുറക്കുന്ന നേരത്തിനകം നഷ്ടമായത്. ഇവര്‍ ആരെന്ന് അറിയുമോ? ലേണിങ് ആപ്പായി സുപ്രസിദ്ധമാവുകയും പിന്നീട് സാമ്പത്തികമായി തകര്‍ന്നടിയുകയും ചെയ്ത ബൈജൂസിന്റെ സഹ സ്ഥാപകയും അദ്ദേഹത്തിന്റെ ഭാര്യയുമായ സാക്ഷാല്‍ ദിവ്യ ഗോപിനാഥിനാണ് കമ്പനിയുടെ തകര്‍ച്ചയില്‍ തന്റെ ആസ്തി ഇല്ലാതായത്.
ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതാ സംരംഭകരില്‍ ഒരാളായിരുന്ന ദിവ്യക്ക് കൊട്ടക് ഹുറുണ്‍ സര്‍വേ പ്രകാരം 4,550 കോടി രൂപയുടെ ആസ്തിയാണ് ഉണ്ടായിരുന്നത്. കമ്പനിയെ രൂപപ്പെടുത്തുന്നതിലും ഉള്ളടക്ക നിര്‍മ്മാണം, ഉപയോക്തൃ അനുഭവം, ബ്രാന്‍ഡ് മാര്‍ക്കറ്റിംഗ് എന്നിവയുള്‍പ്പെടെ വിവിധ ഉത്തരവാദിത്തങ്ങള്‍ ദിവ്യയായിരുന്നു നിര്‍വഹിച്ചിരുന്നത്. 2022ല്‍ 17,545 കോടി രൂപവരെ മൂല്യം കൈവരിച്ച ബൈജൂസിന്റെ ഇന്നത്തെ മൂല്യം വെറും പൂജ്യമാണെന്നതാണ് ഞെട്ടിക്കുന്ന വസ്തുത.
പടുകൂറ്റന്‍ ഓഡിറ്റേറിയങ്ങളില്‍ ആയിരങ്ങളെ പഠിപ്പിച്ചിരുന്ന ബൈജുവിന്റെ ക്ലാസിലെ ഒരു പഠിതാവായിരുന്നു ഒരിക്കല്‍ ദിവ്യ. ആ കൂടിക്കാഴ്ചകള്‍ പിന്നീട് എപ്പോഴോ പ്രണയമായി. 2009ല്‍ ആയിരുന്നു കന്നഡക്കാരിയായ ദിവ്യ ബൈജുവിന്റെ ജീവിതത്തിലേക്കു വരുന്നത്.
ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനികളില്‍ ഒന്നായിരുന്നു ഒരുകാലത്ത് ബൈജൂസ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ആഗോള ശ്രദ്ധ നേടാന്‍ സാധിച്ച ബ്രാന്റെന്ന നേട്ടത്തിലേക്കും എത്തിയ ഒരു സ്ഥാപനം.
വിദ്യാഭ്യാസ സാങ്കേതിക കമ്പനിയാണ് ബൈജൂസ് ആരംഭിക്കുന്നത്. ബൈജു രവീന്ദ്രനും ഭാര്യയായ ദിവ്യ ഗോകുല്‍നാഥും സംയുക്തമായാണ് 2011ല്‍ ബൈജൂസ് സ്ഥാപിക്കുന്നത്.
ദിവ്യയുടെ അച്ഛന്‍ ഒരു നെഫ്രോളജിസ്റ്റും അമ്മ, ദൂരദര്‍ശനിലെ പ്രോഗ്രാമിംഗ് എക്സിക്യൂട്ടീവും ആയിരുന്നു. ബംഗളൂരു ആര്‍വി കോളേജ് ഓഫ് എന്‍ജിനീയറിംഗില്‍ നിന്ന് ബിടെക് ബിരുദം നേടിയ ശേഷം, ബയോടെക്‌നോളജിയിലും പഠനം പൂര്‍ത്തിയാക്കിയാണ് 21ാം വയസില്‍ അവര്‍ അധ്യാപികയായി ബൈജു രവീന്ദ്രന്റെ എഡ് ടെക് സ്ഥാപനമായ ബൈജൂസിലേക്ക് എത്തുന്നത്.