കലക്കവെള്ളത്തിൽ മീൻ പിടിക്കരുത്: വയനാട് പുനരധിവാസത്തിൽ കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

വയനാട് പുനരധിവാസത്തിൽ കേന്ദ്രവായ്പാ വിനിയോഗം സംബന്ധിച്ച് വ്യക്തത വരുത്തി സത്യവാങ്മൂലം സമർപ്പിക്കാത്തതിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കലക്ക വെള്ളത്തിൽ മീൻ പിടിക്കരുതെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി.
കാര്യങ്ങൾ നിസാരമായി എടുക്കരുത്. ഹൈക്കോടതിക്കും മുകളിലാണോ ഡൽഹിയിലെ ഉദ്യോഗസ്ഥരെന്ന് കോടതി ചോദിച്ചു. അടുത്ത വിമാനത്തിൽ ഉദ്യോഗസ്ഥരെ കോടതിയിൽ എത്തിക്കാൻ അറിയാമെന്നും കോടതി മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച തന്നെ സത്യവാങ്മൂലം നൽകാൻ കോടതി അന്തിമ ശാസനം നൽകി.
കേന്ദ്രം സമയം നീട്ടി ചോദിച്ചെങ്കിലും കോടതി അനുവദിച്ചില്ല. അതേസമയം പുനരധിവാസത്തിനുള്ള കേന്ദ്ര ഫണ്ട് വിനിയോഗിക്കാനുള്ള സമയം നീട്ടി നൽകിയിട്ടുണ്ട്. ഹൈക്കോടതിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. കേന്ദ്ര ഫണ്ട് വിനിയോഗിക്കാൻ മാർച്ച് 31 കാലാവധി നിശ്ചയിച്ചത് അപ്രായോഗികമാണെന്ന് കഴിഞ്ഞ സിറ്റിംഗിൽ സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു.
ഇന്ന് കേസ് പരിഗണിച്ചപ്പോൾ കാലാവധി ഡിസംബർ 31 വരെ ആക്കിയതായി കേന്ദ്രം അറിയിച്ചു. ഇതിൽ ചില വ്യവസ്ഥകളുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു. എന്നാൽ ഇത് രേഖാമൂലം ഹാജരാക്കാൻ കേന്ദ്രത്തിന് സാധിച്ചില്ല. തുടർന്നായിരുന്നു ഹൈക്കോടതിയുടെ വിമർശനം.