യുപിയിലെ സ്ത്രീധന കൊലപാതകം: രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വെടിവെച്ച് കീഴ്‌പ്പെടുത്തി പോലീസ്

യുപിയിൽ സ്ത്രീധനത്തെ ചൊല്ലി ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി വിപിൻ ഭാട്യയെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് വെടിവെച്ച് കീഴ്‌പ്പെടുത്തി. ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇയാളുടെ ഭാര്യ നിക്കി മരിച്ചത്.
സ്ത്രീധനത്തിന്റെ പേരിൽ നിക്കിയെ തീ കൊളുത്തി കൊല്ലുകയായിരുന്നു എന്നാണ് കേസ്. പ്രതിയെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ച സമയത്താണ് പോലീസിന്റെ തോക്ക് തട്ടിയെടുത്ത് ഇയാൾ വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിച്ചത്. പിന്തുടർന്ന പോലീസ് പ്രതിയെ കാലിൽ വെടിവെച്ച് വീഴ്ത്തുകയായിരുന്നു.
വിപിന്റെ സഹോദരഭാര്യയായ കഞ്ചൻ ആണ് നിക്കിയുടെ കൊലപാതക വിവരം പുറത്തുവിട്ടത്. വിപിനും അയാളുടെ അമ്മയും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് കഞ്ചൻ പറയുന്നു. സംഭവത്തിൽ വിപിന്റെ അമ്മ ദയയും പോലീസ് കസ്റ്റഡിയിലാണ്. ഇയാളുടെ സഹോദരൻ രോഹിതും പിതാവ് സത്യവീറും ഒളിവിലാണ്.