Kerala

പ്രകൃതിദുരന്തങ്ങള്‍ ആനയും നായയും പൂച്ചയുമെല്ലാം നേരത്തെ അറിയും

കോഴിക്കോട്: കാട്ടിലും നാട്ടിലുമുള്ള ജീവികളെല്ലാം പല കാര്യങ്ങളും നേരത്തെ അറിയാറുണ്ട്. അവര്‍ ഇതെല്ലാം അറിയുന്നത് കാലാവസ്ഥാ പ്രവചനമോ, ഭൗമശാസ്ത്രജ്ഞരുടെ മുന്നറിയിപ്പുകളോ ഉണ്ടാവുന്നത് കൊണ്ടല്ല. കരയില്‍ ജീവിക്കുന്ന ജീവികളില്‍ പ്രകൃതിയുടെ സൂക്ഷ്മമായ മാറ്റങ്ങള്‍പോലും കൃത്യമായി അറിയാന്‍ സാധിക്കുന്ന ജീവികളില്‍ ഒന്നാണ് ആന.

വയനാട്ടില്‍ ദുരന്തം സംഭവിക്കുന്നതിന് മുന്‍പും ആനകള്‍ കൂട്ടത്തോടെ തങ്ങളുടെ വാസയിടങ്ങള്‍ ഉപേക്ഷിച്ച് വിദൂരതയിലേക്കു നടന്നുമറഞ്ഞിരുന്നു. പല പ്രകൃതി ദുരന്തങ്ങള്‍ ഭൂമിയില്‍ സംഭവിക്കുമ്പോഴും അവയില്‍ ആനപോലുള്ള ജീവികള്‍ അകപ്പെടുന്നത് വിരളമാവുന്നത് അവ പ്രകൃതിയെ ആഴത്തില്‍ നിരീക്ഷിച്ച് ഭാവങ്ങള്‍ കൃത്യമായി പഠിച്ചെടുക്കുന്നത് കൊണ്ടാണ്.

പാമ്പുകളും ഇക്കാര്യത്തില്‍ അഗ്രഗണ്യരാണ് ഭൂകമ്പംപോലുള്ള ദുരന്തങ്ങള്‍ സംഭവിക്കുന്ന വേളയില്‍ അവ മുന്‍കൂട്ടി തങ്ങളുടെ മാളങ്ങള്‍ ഉപേക്ഷിച്ച് പോകുന്നത് കാണാറുണ്ട്.
പക്ഷിക്കൂട്ടങ്ങളും നായയും പൂച്ചയും ഉള്‍പ്പെടെയുള്ള വളര്‍ത്തുമൃഗങ്ങളുമെല്ലാം പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുന്നതിന് മുന്‍പ് അസ്വസ്ഥരാവുന്നതും ബഹളംവെയ്ക്കുന്നതുമെല്ലാം സാധാരണമാണ്. ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കൃത്യമായി ഈ സാഹചര്യം മനസ്സിലാക്കാന്‍ സാധിച്ചിരുന്നു.

ആദിവാസികള്‍ക്കെന്നെല്ല, പ്രകൃതിയെ അടുത്തറിഞ്ഞു ജീവിക്കുന്ന മനുഷ്യര്‍ക്കെല്ലാം ഇത്തരം ശേഷിയുണ്ടെന്നതാണ് യാഥാര്‍ഥ്യം. ഈ ജീവികളില്‍ പലതിനും മനുഷ്യര്‍ക്ക് കാണാനാവാത്തത് കാണാനും കേള്‍ക്കാനാവാത്തത് കേള്‍ക്കാനും സാധിക്കുമെന്നത് തെളിയിക്കപ്പെട്ട കാര്യമാണ്. ഇവയില്‍ പലതിനും മനുഷ്യനേക്കാള്‍ പലമടങ്ങ് കാഴ്ചശേഷിയും കേള്‍വിശക്തിയും ഗന്ധങ്ങള്‍ പിടിച്ചെടുക്കാനുള്ള കഴിവുമുണ്ടെന്നതും തര്‍ക്കമില്ലാത്ത സത്യമാണ്.

Related Articles

Back to top button