വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി കൂടിക്കാഴ്ച നടത്തി

ചൈനയിലെത്തിയ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി കൂടിക്കാഴ്ച നടത്തി. 2020 ജൂണിൽ ഗാൽവാൻ താഴ് വരയിൽ ഇന്ത്യ-ചൈന സൈനികർ തമ്മിൽ ഏറ്റുമുട്ടൽ നടന്നതിന് ശേഷം ഇതാദ്യമായാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. ആറ് വർഷത്തിന് ശേഷമാണ് ജയശങ്കർ ചൈനയിലെത്തുന്നത്
രാവിലെ ബീജിംഗിൽ വെച്ച് പ്രസിഡന്റ് ജിൻപിംഗിനെ കണ്ടതായി ജയശങ്കർ എക്‌സിൽ കുറിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആശംസകൾ അദ്ദേഹത്തെ അറിയിച്ചു. ഉഭയകക്ഷി ബന്ധത്തിലെ സമീപകാല പുരോഗതിയെ കുറിച്ച് ജിൻപിംഗിനെ ധരിപ്പിച്ചതായും ജയശങ്കർ വ്യക്തമാക്കി
ചൈനീസ് വിദേശകാര്യ മന്ത്രിയുമായും ജയശങ്കർ കൂടിക്കാഴ്ച നടത്തി. അതിർത്തി പ്രശ്‌നങ്ങൾ പരിഹരിച്ച് സമാധാനം നിലനിർത്തിയതിലൂടെ ഒമ്പത് മാസത്തിനിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാൻ നല്ല പുരോഗതി നേടിയിട്ടുണ്ടെന്ന് ജയശങ്കർ പറഞ്ഞു.