National

തർക്കത്തിലായിരുന്ന വീട്ടിൽ പോയി; അഞ്ചുവയസുകാരിയെ കൊലപ്പെടുത്തി അച്ഛൻ

സീതാപൂർ: ഉത്തർപ്രദേശിലെ സീതാപൂരിൽ അഞ്ച് വയസുള്ള മകളെ കൊലപ്പെടുത്തി അച്ഛൻ. കുട്ടി അയൽ വീട്ടിൽ പോയതിന്‍റെ വൈരാഗ്യത്തിലാണ് താനി എന്ന കുട്ടിയെ അച്ഛൻ ശ്വാസം മുട്ടിച്ച് കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കുകയായിരുന്നു. സംഭവത്തിൽ പിതാവ് മോഹിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. തർക്കത്തിലായിരുന്ന അയൽക്കാരുടെ വീട്ടിൽ പോയതിനെ തുടർന്നാണ് ഇയാൾ മകളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഫെബ്രുവരി 25 ന് കുട്ടിയെ വീടിനടുത്ത് നിന്ന് കാണാതായതായി വിവരം ലഭിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയും കുട്ടിയെ കണ്ടെത്താൻ നാല് ടീമുകൾ രൂപീകരിക്കുകയും ചെയ്തു. തിരച്ചിലിൽ അവളുടെ ശരീരത്തിന്റെ ഒരു ഭാഗം കണ്ടെത്തി. അടുത്ത ദിവസം, മറ്റ് ഭാഗങ്ങൾ കണ്ടെത്തി.

കുട്ടി കൊല്ലപ്പെട്ടതായി വ്യക്തമായെന്നും അഡീഷണൽ പൊലീസ് സൂപ്രണ്ട് പ്രവീൺ രഞ്ജൻ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. പിന്നാലെ കുട്ടിയുടെ അച്ഛൻ അപ്രത്യക്ഷനായി. ഫോൺ ഭാര്യയുടെ കൈയിലേൽപ്പിച്ചാണ് ഇയാൾ മുങ്ങിയത്. തിരച്ചിലിനൊടുവിൽ ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു.

മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം നാല് കഷ്ണങ്ങളാക്കി മറവുചെയ്തെന്ന് ഇയാൾ സമ്മതിച്ചു. തർക്കമുള്ള അയൽക്കാരുടെ വീട് സന്ദർശിച്ചതിനെ തുടർന്നാണ് മകളെ കൊലപ്പെടുത്തിയതെന്നും ഇയാൾ പറഞ്ഞു. തന്‍റെ കുടുംബവും അയൽവാസിയായ രാമുവിന്‍റെ കുടുംബവും നേരത്തെ വളരെ അടുപ്പത്തിലായിരുന്നു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, രണ്ട് കുടുംബങ്ങളും തമ്മിൽ ഒരു തർക്കമുണ്ടായി. തുടർന്ന് കുടുംബങ്ങൾ പിണങ്ങി. എന്നാൽ രാമുവിന്‍റെ വീട്ടിലേക്ക് മകൾ പോകുന്നത് നിർത്താൻ മോഹിത് പലതവണ പറഞ്ഞിരുന്നു. എന്നാൽ കുട്ടി അവിടെ പോയി കളിക്കുന്നത് തുടർന്നു.

സംഭവദിവസം, രാമുവിന്‍റെ വീട്ടിൽ നിന്ന് മകൾ വരുന്നത് മോഹിത് കണ്ടു. പ്രകോപിതനായ മോഹിത് കുട്ടിയെ ബൈക്കിൽ ഇരുത്തി, ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി, വസ്ത്രങ്ങൾ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊന്നു. തുടർന്ന് മൃതദേഹം കഷ്ണങ്ങളാക്കി കടുക് വയലിൽ ഉപേക്ഷിക്കുകയും ചെയ്തു.

Related Articles

Back to top button
error: Content is protected !!