ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിൽ; ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഇന്ന്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തി. തിരുവനന്തപുരത്ത് ബിജെപിയുടെ പുതിയ സംസ്ഥാന കമ്മിറ്റി കാര്യാലയം അമിത് ഷാ ഉദ്ഘാടനം ചെയ്യും. വാർഡുതല നേതൃസംഗമത്തെയും അമിത് ഷാ അഭിസംബോധന ചെയ്യും. ഉച്ചയ്ക്ക് ചേരുന്ന സംസ്ഥാന നേതൃയോഗത്തിലും അമിത് ഷാ പങ്കെടുക്കും
ബിജെപിയിൽ പുതിയ ഭാരവാഹി പട്ടികയെ ചൊല്ലി കലഹം തുടരുന്നതിനിടെയാണ് അമിത് ഷായുടെ സന്ദർശനവും പുതിയ കാര്യാലയത്തിന്റെ ഉദ്ഘാടനവും നടക്കുന്നത്. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പികെ കൃഷ്ണദാസ് പക്ഷത്തെ ഏറ്റെടുത്തുവെന്നാണ് വി മുരളീധരൻ പക്ഷത്തിന്റെ പ്രധാന വിമർശനം.
ഇന്നലെയാണ് ബിജെപി പുനഃസംഘടന നടന്നത്. എംടി രമേശ്, ശോഭാ സുരേന്ദ്രൻ, അഡ്വ. എസ് സുരേഷ്, അനൂപ് ആന്റണി എന്നിവരാണ് നാല് ജനറൽ സെക്രട്ടറിമാർ. പുനഃസംഘടനാ പട്ടികയിൽ 90 ശതമാനവും കൃഷ്ണദാസ് പക്ഷത്തിലെ നേതാക്കളെയാണ് ഉൾപ്പെടുത്തിയതെന്ന് മുരളീധരൻ പക്ഷം കുറ്റപ്പെടുത്തുന്നു.
ഷോൺ ജോർജ്, മുൻ ഡിജിപി ആർ ശ്രീലേഖ, സി കൃഷ്ണകുമാർ, ബി ഗോപാലകൃഷ്ണൻ, ഡോ. കെഎസ് രാധാകൃഷ്ണൻ, ഡോ. അബ്ദുൽ സലാം, അഡ്വ പി സുധീർ, കെ സോമൻ, അഡ്വ. കെ കെ അനീഷ് കുമാർ, വി സദാനന്ദൻ മാസ്റ്റർ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.