ഞാൻ ലഷ്കർ സിഇഒ; സെൻട്രൽ ബാങ്ക് ഇന്ന് ബോംബിട്ട് തകർക്കും, RBI-യ്‌ക്ക് ബോംബ് ഭീഷണി; സന്ദേശമെത്തിയത് മുംബൈയിൽ കസ്റ്റമർ കെയർ സെന്ററിലേക്ക്
മുംബൈ: വിമാനത്തിനും ട്രെയിനിനും പിന്നാലെ റിസർവ് ബാങ്കിനും ബോംബ് ഭീഷണി. ‘ലഷ്കറിന്റെ സിഇഒ’ ആണെന്ന് പറഞ്ഞുകൊണ്ട് ആർബിഐയുടെ മുംബൈയിലെ കസ്റ്റമർ കെയർ സെൻ്ററിലേക്കാണ് കോൾ എത്തിയത്. ബോംബ് വച്ച് ബാങ്ക് തകർക്കുമെന്നായിരുന്നു ഭീഷണി. സംഭവത്തിന് പിന്നാലെ പൊലാീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
രാവിലെ 11 മണിയോടെ സെൻട്രൽ ബാങ്ക് തകർക്കുമെന്നാണ് ഭീഷണിപ്പെടുത്തിയത്. നിരോധിത ഗ്രൂപ്പിന്റെ സിഇഒ താനാണെന്നും ഭീഷണി മുഴക്കുന്നതിന് മുമ്പ് ഫോണിലൂടെ ഒരു ഗാനം ആലപിച്ചതായും കോളെടുത്ത കസ്റ്റമർ കെയറിൽ ജോലി ചെയ്യുന്നയാൾ പറഞ്ഞു.
174 പേരുടെ മരണത്തിനിടയാക്കിയ 2008-ലെ മുംബൈ ഭീകരാക്രമണത്തിന് പിന്നിൽ ഭീകര സംഘടനയായ ലഷ്കർ ഇ ത്വയ്ബയായിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ നൂറുകണക്കിന് വിമാനങ്ങൾക്കാണ് ഭീഷണിസന്ദേശങ്ങളെത്തിയത്. കേന്ദ്രം വിഷയത്തിൽ ഇടപെടുകയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ പ്രവർത്തിക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആർബിഐയ്‌ക്കും ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്.