അർജന്റീന ഫുട്‌ബോൾ അസോസിയേഷനുമായി കരാർ ഒപ്പിട്ടത് സ്‌പോൺസർമാരാണ്, സർക്കാരല്ല: മന്ത്രി അബ്ദുറഹ്മാൻ

മെസി വിവാദത്തിൽ പ്രതികരണവുമായി കായിക മന്ത്രി വി അബ്ദുറഹിമാൻ. സംസ്ഥാന സർക്കാർ ആരുമായും കരാർ ഒപ്പിട്ടിട്ടില്ലെന്ന് മന്ത്രി പറഞ്ഞു കരാർ ഒപ്പിട്ടത് സ്പോൺസർമാരാണ്. അർജന്റീനിയൻ ഫുട്‌ബോൾ അസോസിയേഷനുമായാണ് കരാർ ഒപ്പുവെച്ചിട്ടുള്ളത്. അവർ തമ്മിലാണ് കരാറെന്ന് മന്ത്രി വ്യക്തമാക്കി.
അനാവശ്യമായി വിവാദങ്ങളിലേക്ക് കൊണ്ടുവരുന്നു. സ്പെയിനിലേക്ക് മന്ത്രി ഒറ്റക്കല്ല പോയത് കായിക വകുപ്പിലെ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. അവർ പോയി വരുമ്പോൾ അതിന് ചെലവുണ്ടാകും. പ്രധാനമന്ത്രി എത്ര കോടി രൂപയുടെ യാത്ര ചെലവ് ഉണ്ടാക്കി. ചെറിയ കാര്യങ്ങൾക്ക് അനാവശ്യമായ വാർത്ത സൃഷ്ടിക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.
മെസിയെ കാണാൻ ഇവിടെ നിന്ന് ആരും പോയില്ല. സ്‌പെയിനിൽ പോയ സമയത്ത് അവരുടെ ക്യാമ്പ് സന്ദർശിക്കുകയായിരുന്നു. 2024 സെപ്റ്റംബറിൽ കായികമന്ത്രി മാഡ്രിഡിൽ ലിയാൻഡ്രോ പീറ്റേഴ്‌സണുമായാണ് കൂടിക്കാഴ്ച നടത്തിയിരുന്നത്. എല്ലാത്തിനും കൃത്യമായ ഉത്തരമുണ്ട്. നടപടിക്രമങ്ങളുണ്ട്. അത് പൂർത്തിയാക്കിയ ശേഷം ഉത്തരം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.