ഗിന്നസ് റെക്കോർഡിൽ ചരിത്ര നേട്ടം കുറിച്ച് മലയാളി സൈനികൻ; പുറം തിരിഞ്ഞിരുന്ന് ബൈക്ക് ഓടിച്ചത് 361.56 കിലോമീറ്റർ
മോട്ടോർ സൈക്കിൾ റൈഡിംഗിൽ അപൂർവ റെക്കോർഡ് സൃഷ്ടിച്ച് മലയാളി സൈനികൻ. പുറംതിരിഞ്ഞിരുന്ന് 361 കിലോമീറ്ററിലേറെ ദൂരമാണ് ആലപ്പുഴ കണ്ടല്ലൂർ സ്വദേശിയായ സുബേദാർ എസ് എസ് പ്രദീപ് അടങ്ങുന്ന മോട്ടോർ സൈക്കിൾ സംഘം പിന്നിട്ടത്. കരസേനയുടെ ആർമി സർവീസ് കോറിലെ ടൊർണാഡോസ് മോട്ടോർ സൈക്കിൾ സംഘമാണ് മൂന്ന് ലോക റെക്കോർഡോടെ ചരിത്രനേട്ടം കരസ്ഥമാക്കിയത്
എസ്എസ് പ്രദീപ് ബാക്ക് വേർഡ് റൈഡിലും ഹവിൽദാർ മനീഷ് ഹാൻഡ്‌സ് ഫ്രീ വീലിംഗിലും ശിപായി സുമിത് ടോമർ നോ ഹാൻഡ് വീലിംഗിലുമാണ് പുതിയ റെക്കോർഡ് കുറിച്ചത്. ബംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേയിലും എസി കോളേജിലുമായി കഴിഞ്ഞ ദിവസം രാവിലെ 6.30 മുതൽ വൈകിട്ട് 4.30 വരെയായിരുന്നു പ്രകടനം
സ്വീഡൻ സ്വദേശികളുടെ പേരിലുണ്ടായിരുന്ന റെക്കോർഡുകളാണ് ഇന്ത്യൻ സേനയുടെ അഭിമാനമായ സൈനികർ തകർത്തത്. എസ് എസ് പ്രദീപ് നിർത്താതെ 361.56 കിലോമീറ്റർ ദൂരമാണ് പുറം തിരിഞ്ഞിരുന്ന് ബൈക്ക് ഓടിച്ചത്. 306 കിലോമീറ്റർ ദൂരമായിരുന്നു നേരത്തെയുണ്ടായിരുന്ന റെക്കോർഡ്. 264ാം ആർമി സർവീസ് കോർ ദിനത്തോട് അനുബന്ധിച്ച് ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ് പ്രതിനിധികളുടെയും മുതിർന്ന സൈനികോദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം