Kerala
മന്ത്രി വീണ ജോർജ് ഡൽഹിയിലേക്ക്; കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ചക്ക് അനുമതി തേടി

ആരോഗ്യമന്ത്രി വീണ ജോർജ് ഇന്ന് വീണ്ടും ഡൽഹിയിലെത്തും. രാവിലെ പത്ത് മണിക്ക് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന മന്ത്രി, ഇവിടെ നിന്ന് കേരളാ ഹൗസിലേക്ക് പോകും. ഉച്ചയ്ക്ക് ശേഷം കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയുമായി കൂടിക്കാഴ്ചക്ക് സമയം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉച്ചയ്ക്ക് 2നും മൂന്നിനുമിടയിൽ കൂടിക്കാഴ്ച നടന്നേക്കും. കഴിഞ്ഞ തവണ ഡൽഹിയിലെത്തിയപ്പോൾ ജെപി നഡ്ഡയുമായി കൂടിക്കാഴ്ചക്ക് സമയം തേടിയിരുന്നുവെങ്കിലും ലഭിച്ചില്ല. തുടർന്ന് കേന്ദ്ര ആരോഗ്യമന്ത്രിയുടെ ഓഫീസിലേക്ക് രണ്ട് നിവേദനങ്ങൾ നൽകിയിരുന്നു.
ആശമാരുടെ ഇൻസെന്റീവ് വർധിപ്പിക്കണമെന്നാണ് ഈ നിവേദനത്തിൽ ആവശ്യപ്പെട്ടത്. 2023-24 സാമ്പത്തിക വർഷത്തിൽ തടഞ്ഞുവെച്ച 637 കോടി രൂപ എത്രയും വേഗം നൽകണം, എയിംസ് അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിലുണ്ടായിരുന്നു.