നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ദുരൂഹ സമാധി; രണ്ട് ദിവസത്തിനകം പൊളിക്കാൻ പോലീസ്
നെയ്യാറ്റിൻകര ഗോപന്റെ ദുരൂഹ സമാധി രണ്ട് ദിവസം കഴിഞ്ഞ് പൊളിക്കാൻ തീരുമാനം. ഹൈന്ദവ സംഘടനകളുമായി ഇതിനുള്ളിൽ പോലീസ് ചർച്ച നടത്തും. കുടുംബാംഗങ്ങളുടെ മൊഴിയിൽ വൈരുദ്ധ്യമുള്ളതിനാൽ കല്ലറ പൊളിച്ച് പരിശോധന നടത്തണമെന്ന് സംഘടനകളുമായി ഇന്നലെ നടന്ന പ്രാഥമിക ചർച്ചയിൽ സബ് കലക്ടറും പോലീസും അറിയിച്ചിട്ടുണ്ട്
ഇന്നലെയും ഗോപൻ സ്വാമിയുടെ മക്കളുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ഇതിൽ വൈരുദ്ധ്യമുണ്ടെന്ന് പോലീസ് പറയുന്നു. കൂടുതൽ പോലീസ് സാന്നിധ്യത്തിൽ കല്ലറ പൊളിച്ച് പരിശോധിക്കാനാണ് തീരുമാനം. ഗോപൻ സ്വാമി വ്യാഴാഴ്ച മരിച്ച ശേഷം പ്രസിൽ നിന്ന് സമാധിയായുള്ള പോസ്റ്ററുകൾ അച്ചടിച്ചെന്നാണ് മകന്റെ മൊഴി. ഈ പോസ്റ്റർ പതിച്ചപ്പോഴാണ് മരണവിവരം നാട്ടുകാരും അറിയുന്നത്
നിലവിൽ ഗോപൻ സ്വാമിയെ കാണാനില്ലെന്ന കേസാണ് നെയ്യാറ്റിൻകര പോലീസ് എടുത്തിരിക്കുന്നത്. നാട്ടുകാർ നൽകിയ പരാതിയിലാണ് കേസ്. എന്നാൽ അച്ഛൻ സമാധിയായെന്നും കുടുംബാംഗങ്ങൾ ചേർന്ന് സംസ്‌കാര ചടങ്ങുകൾ നടത്തി കോൺക്രീറ്റ് സ്ലാബ് സ്ഥാപിച്ചെന്നുമാണ് ബന്ധുക്കൾ പറയുന്നത്.