സ്വദേശിവത്കരണം: നിയമം ലംഘിക്കുന്നവര്‍ക്ക് 8,000 ദിര്‍ഹം പിഴയും തരംതാഴ്ത്തലും
അബുദാബി: രാജ്യത്തെ സ്വകാര്യമേഖലയില്‍ രണ്ടു ശതമാനം സ്വദേശിവത്കരണം പൂര്‍ത്തീകരിക്കാത്ത കമ്പനികള്‍ക്കെതിരേ കര്‍ശന നടപടിയുമായി യുഎഇ. യുഎഇ മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് സ്വദേശിവത്കരണ പദ്ധതിയായ നാഫിസി(ഇമറാത്തി ടാലന്റ് കോംപറ്റിറ്റീവ്‌നസ് കൗണ്‍സില്‍ പ്രോഗ്രാം) വാര്‍ഷിക ലക്ഷ്യം പൂര്‍ത്തിയാക്കാത്ത കമ്പനികള്‍ക്ക് കടുത്ത പിഴ ചുമത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. അനുവദിച്ച സമയം 31ന് അവസാനിക്കാനിരിക്കേയാണ് മന്ത്രാലയം നിലപാട് കര്‍ശനമാക്കിയിരിക്കുന്നത്.
അന്‍പതോ, അതില്‍ കൂടുതലോ ജീവനക്കാരുള്ള കമ്പനികള്‍ വര്‍ഷത്തില്‍ രണ്ട് ശതമാനം സ്വദേശിവത്കരണം നടത്തിയിരിക്കണമെന്ന് നേരത്തെ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഇത് നടപ്പാക്കാത്ത കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് ഒരാള്‍ക്ക് പ്രതിമാസം 8000 ദിര്‍ഹം വീതംവെച്ച് പിഴ ചുമത്തുക. അതോടൊപ്പം സ്ഥാപനത്തെ തരംതാഴ്ത്തുമെന്നും അധികൃതര്‍ പറഞ്ഞു. 2022ല്‍ ആണ് യുഎഇ സ്വദേശിവത്കരണ പദ്ധതിയായ നാഫിസ് ആരംഭിച്ചത്. കമ്പനികളുടെ സൗകര്യം കണക്കിലെടുത്ത് ആറു മാസത്തില്‍ ഒരു ശതമാനംവീതം നിയമനം നടത്താന്‍ അനുവദിച്ചിരുന്നു. ഇത് കൂടി പല കമ്പനികളും ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല.
തീരെ നിയമനം നടത്താത്ത കമ്പനികള്‍ മൊത്തം ആറു ശതമാനം സ്വദേശിവത്കരണം 31ന് അകം നടപ്പാക്കേണ്ടി വരും. 2025, 2026 കാലത്തേക്കുള്ള നാലു ശതമാനവും ഉള്‍പ്പെടെ 10 ശതമാനം ലക്ഷ്യം കൈവരിക്കാനാണ് ഫെഡറല്‍ സര്‍ക്കാര്‍ പദ്ധിതിയിടുന്നത്. 1,200 കമ്പനികള്‍ക്ക് വ്യാജ സ്വദേശിവത്കരണം നടത്തിയതുമായി ബന്ധപ്പെട്ട് രണ്ടു വര്‍ഷത്തിനിടെ പിഴയിട്ടിരുന്നു.