Kerala

കുട്ടികളുടെ ചെലവില്‍ അധ്യാപകര്‍ ടൂറിന് പോകേണ്ട; പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി

സാമ്പത്തിക ബാധ്യതയുള്ള കുട്ടികളെയും യാത്രക്ക് കൊണ്ടുപോകണം.

സ്‌കൂളുകളിലെ പഠനയാത്രയില്‍ വിദ്യാര്‍ഥികള്‍ക്ക് അകമ്പടിയായി പോകുന്ന അദ്ധ്യാപകരുടെയും പി.ടി.എ അംഗങ്ങളുടെയും യാത്രാച്ചെലവ് കുട്ടികളില്‍ നിന്ന് ഈടാക്കാന്‍ പാടില്ലെന്ന് പൊതുവിദ്യാഭ്യാസവകുപ്പിന്റെ സര്‍ക്കുലര്‍. പഠനയാത്രകള്‍ക്ക് എല്ലാ കുട്ടികള്‍ക്കും പ്രാപ്യമായ രീതിയില്‍ തുക നിശ്ചയിക്കേണ്ടതാണെന്നും പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ ഷാനവാസ്.എസ് ഒപ്പിട്ട സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. ചൊവ്വാഴ്ചയാണ് ഉത്തരവ് പുറത്തിറങ്ങിയത്.

പണമില്ല എന്ന കാരണത്താല്‍ സ്‌കൂളിലെ ഒരു കുട്ടിയെപ്പോലും പഠനയാത്രയില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ പാടില്ല. ഏതെങ്കിലും കുട്ടിയെ സൗജന്യമായി പഠനയാത്രയില്‍ പങ്കെടുപ്പിക്കുന്ന പക്ഷം ആ വിവരം മറ്റു കുട്ടികള്‍ അറിയാതിരിക്കാന്‍ അധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കണം. സ്‌കൂളുകളില്‍ ജീവനക്കാരുടേയും വിദ്യാര്‍ഥികളുടേയും ജന്മദിനം പോലുള്ള ആഘോഷങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. സാമ്പത്തികബാധ്യത ഉണ്ടാക്കുന്ന ഇത്തരം ആഘോഷങ്ങള്‍ പരമാവധി ഒഴിവാക്കണം. ഇത്തരം ആഘോഷം സംഘടിപ്പിച്ചാല്‍ അതിന്റെ സാമ്പത്തികബാധ്യത കുട്ടികള്‍ക്കോ രക്ഷിതാക്കള്‍ക്കോ ഉണ്ടാകാതിരിക്കാന്‍ സ്‌കൂള്‍ അധികാരികള്‍ ശ്രദ്ധിക്കണം- ഉത്തരവില്‍ പറയുന്നു.

സ്‌കൂളുകളില്‍ ജീവനക്കാരുടേയും വിദ്യാര്‍ഥികളുടേയും മറ്റും ജന്മദിനാഘോഷം പോലുള്ള വ്യക്തിപരമായ കാര്യങ്ങളില്‍ ആഘോഷം സംഘടിപ്പിക്കുകയും സമ്മാനങ്ങള്‍ നല്‍കാന്‍ കുട്ടികളെ നിര്‍ബന്ധിതമാക്കുന്നതുമായ സാഹചര്യവുമുണ്ട്. സമ്മാനം കൊണ്ടുവരാത്ത കുട്ടികളെ വേര്‍തിരിച്ചു നിര്‍ത്തുന്ന പ്രവണതയും ശ്രദ്ധയില്‍ പെട്ടിട്ടുള്ളതായി സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവ്.

ഈ നിര്‍ദേശങ്ങള്‍ സംസ്ഥാനത്തെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. തുടങ്ങി മറ്റ് ഇതര ബോര്‍ഡുകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും ബാധകമാണെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.

Related Articles

Back to top button
error: Content is protected !!